സ്വർണക്കടത്ത്; വലയിലായത് രണ്ട് സംഘം
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണക്കടത്തിന് പ്രതികൾ രണ്ട് സംഘമായാണ് പ്രവർത്തിച്ചതെന്ന് കസ്റ്റംസ്. ആദ്യസംഘത്തിന് രണ്ടാമത്തെ സംഘവുമായി നേരിട്ട് ബന്ധവുമുണ്ടായിരുന്നില്ല. രണ്ട് സംഘത്തെയും ഏകോപിപ്പിച്ചത് റമീസായിരുന്നു.
സന്ദീപ് നായർ, സ്വപ്ന സുരേഷ്, സരിത്ത് എന്നിവരായിരുന്നു ആദ്യസംഘത്തിൽ. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ജലാൽ, മുഹമ്മദ് ഷാഫി, അംജദ് അലി എന്നിവരടക്കമുള്ളവരാണ് രണ്ടാം സംഘത്തിൽ. ഇടപാടുകാരിൽനിന്ന് സ്വർണം വാങ്ങാൻ പണം കണ്ടെത്തിയത് ജലാലായിരുന്നു. ഈ പണം റമീസ് ഹവാല മാർഗം വിദേശത്തേക്ക് അയക്കും. പണമെത്തിയാൽ സ്വർണം തരപ്പെടുത്തി ദുബൈയിെല ഫൈസൽ ഫരീദ് വഴി നയതന്ത്ര ചാനലിൽക്കൂടി അയക്കും.
സ്വർണം സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിക്കാൻ നടപടി സ്വീകരിച്ചത് സ്വപ്നയിരുന്നു. സ്വർണം എത്തിയാലുടൻ സരിത്ത് സ്വീകരിക്കും. കോൺസുലേറ്റിെൻറ വാഹനം ഉപയോഗിക്കാതെ സ്വന്തം വാഹനത്തിൽ സരിത്ത് ഇത് സന്ദീപ് നായർക്ക് എത്തിക്കും. സന്ദീപിൽനിന്ന് ഇത് റമീസിലും എത്തും. റമീസാണ് പ്രധാന ഇടനിലക്കാരനായ ജലാലിന് സ്വർണം കൈമാറിയിരുന്നത്. ഇതിൽനിന്ന് കിട്ടുന്ന ലാഭം പ്രതികൾ വീതിച്ചെടുക്കും. കൂടുതൽ അന്വേഷണത്തിന് എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്നയെയും സരിത്തിനെയും ഹാജരാക്കാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.