പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്സ്മെൻറ് നടപടി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്സ്മെൻറ് വിഭാഗം നടപടി തുടങ്ങി. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐ.ജിക്ക് കത്ത് നൽകി. ഇവരുടെ സ്വത്ത് വിശദാംശങ്ങൾ കണ്ടെത്താനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും കസ്റ്റംസും എൻ.െഎ.എയും നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ബാങ്കുകൾക്കും രജിസ്ട്രേഷൻ, റവന്യൂ വകുപ്പുകൾക്കും അന്വേഷണസംഘങ്ങൾ കത്ത് നൽകി.
അതിന് പിന്നാലെയാണ് ഇപ്പോൾ എൻഫോഴ്സ്മെൻറ് വിഭാഗവും നടപടി സ്വീകരിക്കുന്നത്. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസൽ ഫരീദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ നിർദേശം. പ്രതികൾക്ക് കോടികളുടെ സ്വത്തുണ്ടെന്നാണ് വിവിധ ഏജൻസികളുടെ അന്വേഷണത്തിൽ വ്യക്തമായത്.
എൻ.െഎ.എ തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുമായി എൻ.ഐ.എ സംഘം തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി. എ.എം. ജലാൽ, കെ.ടി. ഷറഫുദ്ദീൻ, മുഹമ്മദ് ഷെഫീഖ്, പി. മുഹമ്മദ് ഷാഫി എന്നീ പ്രതികളുമായാണ് ബുധനാഴ്ച തെളിവെടുപ്പ് നടന്നത്.
സ്വര്‍ണം വന്നദിവസം പ്രതികള്‍ തങ്ങിയെന്ന് കരുതുന്ന സെക്രട്ടേറിയറ്റിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍, ഇതിന് സമീപത്തെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കർ താമസിച്ചിരുന്ന ഫ്ലാറ്റ്, സ്വപ്നയുടെ വീട്, സന്ദീപിെൻറ വീട്, സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവരെ എത്തിച്ചത്. റമീസുമായി ഏറെ അടുപ്പമുള്ളവരാണ് ഇവര്‍.
നിയമവിരുദ്ധ പണമിടപാടിെൻറ സൂചന ലഭിച്ചെന്ന് എൻഫോഴ്സ്മെൻറ്
കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ സംഭവത്തിന് പിന്നിൽ നിയമവിരുദ്ധ പണമിടപാടിെൻറ സൂചന ലഭിച്ചെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ.ഡി അസി. ഡയറക്ടർ പി. രാധാകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്ത് നടന്ന പണമിടപാട് കള്ളപ്പണം വെളുപ്പിക്കലാവാമെന്നും ഇ.ഡി പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നടന്നതായ സൂചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേശീയ അന്വേഷണ ഏജൻസി വിവരങ്ങൾ കൈമാറിയതിനെത്തുടർന്നാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, പ്രതികളെ 10 ദിവസം കസ്റ്റഡിയിൽ വിടണമെന്ന ഇ.ഡിയുടെ അപേക്ഷ പരിഗണിച്ച കോടതി ആഗസ്റ്റ് 11 വരെ ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ചോദ്യം ചെയ്യൽ തടസ്സപ്പെടാത്ത രീതിയിൽ സ്വപ്നക്ക് തെൻറ രണ്ട് മക്കളെ കാണാനുള്ള സൗകര്യമൊരുക്കണമെന്ന് കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച കസ്റ്റഡിയിൽ വിടുന്നതിന് മുന്നോടിയായി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വപ്നയെ കാണാൻ ഭർത്താവും മക്കളും എത്തിയിരുന്നു.
ഉന്നതബന്ധങ്ങള്‍ക്ക് തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു
തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് പിന്നിലെ ഉന്നത ബന്ധങ്ങള്‍ക്ക് തെളിവായ നിര്‍ണായക മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടു. എന്നാൽ മറ്റ് പ്രതികളുമായി സംസാരിച്ച ഫോൺ നശിപ്പിച്ചിട്ടിട്ടില്ല. ദുബൈയിൽ നിന്നെത്തിയ ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ജൂണ്‍ 30ന് തടഞ്ഞുെവച്ച വിവരം അറിഞ്ഞ അന്ന് രാത്രിയാണ് കേസിലെ മുഖ്യകണ്ണിയായ കെ.ടി. റമീസ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഫോണിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ റമീസ് ഇതുവരെ തയാറായിട്ടില്ല.
രണ്ട് പ്രതികൾകൂടി എൻ.െഎ.എ കസ്റ്റഡിയിൽ
കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ട് പ്രതികൾകൂടി എൻ.ഐ.എ കസ്റ്റഡിയിൽ. കഴിഞ്ഞദിവസം അറസ്റ്റിലായ മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം കാവുങ്കര മുള്ളരിക്കാട്ട് വീട്ടില്‍ മുഹമ്മദാലി (43), മൂവാറ്റുപുഴ സ്വദേശി മുഹമ്മദലി ഇബ്രാഹീം എന്നിവരെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി മൂന്ന് ദിവസത്തേക്ക് അന്വേഷണസംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിലുള്ള മൂവാറ്റുപുഴ സ്വദേശി എ.എം. ജലാലിനൊപ്പം ഇവരെയും ചോദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.