തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ രാഷ്ട്രീയ വിവാദം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയതിനെ ചൊല്ലി രാഷ്ട്രീയവിവാദം. സ്വകാര്യവത്കരണത്തെ അനുകൂലിച്ച ഡോ. ശശി തരൂർ എം.പിയുടെ നിലപാടിനെ കെ.പി.സി.സി തള്ളി. സ്വകാര്യവത്കരണം പാടില്ലെന്നും പൊതുമേഖലയിൽ നിലനിർത്തണമെന്നും നേരത്തേ വ്യോമയാനമന്ത്രിക്ക് നിവേദനം നൽകിയ കേന്ദ്രമന്ത്രി വി. മുരളീധരൻ യുടേണടിച്ച് സ്വകാര്യവത്കരണത്തെ അനുകൂലിച്ച് രംഗത്തുവന്നു.
സ്വകാര്യവത്കരണത്തെ ഇടത് പാർട്ടികളും യു.ഡി.എഫിലെ കക്ഷികളും ഒരുപോലെ എതിർക്കുേമ്പാൾ കേന്ദ്ര നിലപാടിനെ പിന്താങ്ങി ബി.ജെ.പി രംഗത്തുവന്നു. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിമാനത്താവളം അദാനിക്ക് ലഭിച്ചത് ചൂടേറിയ പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി.
തലസ്ഥാനത്തെ ജനങ്ങൾ ഒന്നാം ക്ലാസ് വിമാനത്താവളം ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ശശി തരൂർ മത്സരാത്മകമായി സ്വകാര്യമേഖല വിമാനത്താവളം നടത്തുന്നത് വികസനത്തിന് ഗുണമാകുമെന്നാണ് വ്യക്തമാക്കിയത്.
കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെല്ലാം വിമാനത്താവളം അദാനിയെ ഏൽപിക്കുന്നതിന് എതിരാണ്. തരൂരിെൻറ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുകയും ചെയ്തു. ഇതോടെ അദാനിയുടെ പേ റോളില്‍ അംഗമാകേണ്ട ബാധ്യത ഒരു കോണ്ഗ്രസുകാരനുമില്ലെന്ന മറുപടിയുമായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തുവന്നു.
വിമാനത്താവള സ്വകാര്യവത്കരണം വേണ്ടെന്ന് അഭിപ്രായം പറഞ്ഞിരുന്ന കേന്ദ്രമന്ത്രി വി. മുരളീധരെൻറ നിലപാട് മാറ്റവും ശ്രദ്ധിക്കപ്പെട്ടു. പൊതുമേഖലയിൽതന്നെ വിമാനത്താവളം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് യൂനിയെൻറ നിവേദനം കേന്ദ്രമന്ത്രി സുരേഷ്പ്രഭുവിന് കൈമാറിയത് വി. മുരളീധരൻ ഉൾപ്പെടെ ആയിരുന്നു.
എന്നാൽ, അദാനിക്ക് വിമാനത്താവളം കൈമാറാനുള്ള മന്ത്രിസഭ തീരുമാനം വന്നയുടൻ വി. മുരളീധരൻ അതിനെ പിന്തുണക്കുകയായിരുന്നു. സ്വകാര്യവത്കരണ തീരുമാനത്തെ ആസൂത്രണ ബോർഡ് മുൻ അംഗവും െഎ.ടി വിദഗ്ധനുമായ ജി. വിജയരാഘവനും സ്വാഗതം ചെയ്തു. യു.ഡി.എഫും എൽ.ഡി.എഫും ഒരുമിച്ച് എതിർത്താലും ജനങ്ങളുടെ പിന്തുണയോടെ വികസനം യാഥാർഥ്യമാക്കാൻ കേന്ദ്രം മുന്നോട്ടുപോകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പറഞ്ഞു.
വിമാനത്താവള സ്വകാര്യവത്കരണത്തെ തുടക്കം മുതൽ ഇടതുപാർട്ടികളും സർക്കാറും എതിർക്കുകയാണ്. കമ്പനി രൂപവത്കരിച്ച് വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാകുകയും അദാനി ടെൻഡറിൽ പറഞ്ഞ തുക നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് സ്വകാര്യവത്കരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.
അദാനിക്ക് നൽകുന്നത് പിൻവലിക്കണം –സി.പി.എം
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്. പൊതുതാൽപര്യത്തിന് വിരുദ്ധമായി അദാനിെയയും ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിനെയും അനുകൂലിച്ച ശശി തരൂർ എം.പിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. പ്രത്യേക കമ്പനി രൂപവത്കരിച്ച് കൊച്ചി-കണ്ണൂര്‍ മോഡലില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ കേന്ദ്രം അനുവദിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ടെൻഡര്‍ നടപടി ഇല്ലാതെ പ്രത്യേക കമ്പനി രൂപവത്കരിച്ച് വിമാനത്താവളം ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ടെൻഡറില്‍ പങ്കെടുക്കാനായിരുന്നു കേന്ദ്രനിര്‍ദേശം. അദാനി ഗ്രൂപ് മുന്നോട്ടുവെച്ച തുകെയക്കാള് കൂടുതല്‍ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടും കേന്ദ്രം അവഗണിക്കുകയായിരുന്നെന്ന് പാർട്ടി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.