മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാലൊടിഞ്ഞുകിടന്ന വയോധികെൻറ വിരലുകൾ ഞെരിച്ചുടച്ചു
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിക്ക് ജീവനക്കാരെൻറ വക ശാരീരിക പീഡനവും അസഭ്യവര്‍ഷവും. തെങ്ങിൽനിന്ന് വീണതിനെതുടർന്ന് കാലൊടിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഞ്ചൽ ഇളവറാംകുഴി ചരുവിള പുത്തന്‍വീട്ടില്‍ വാസുവിന് (55) നേരെയാണ് നഴ്സിങ് അസിസ്റ്റൻറിെൻറ മനുഷ്യത്വരഹിതമായ നടപടിയുണ്ടായത്. ഏതാനും ദിവസം മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പതിനഞ്ചാം വാര്‍ഡില്‍ നടന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ നഴ്സിങ് അസിസ്റ്റൻറ് ആർ. സുനിൽകുമാറിനെ മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തു.
ഇൗ മാസം 19നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. 23ന് ഡിസ്ചാർജ് ചെയ്തു. ചണ്ണപ്പേട്ട ആനക്കുളത്തെ ബന്ധുവീട്ടിൽ ഇപ്പോൾ വിശ്രമത്തിലാണ്. സുനില്‍കുമാര്‍ ഇദ്ദേഹത്തെ അസഭ്യം വിളിക്കുന്നതും ഇടത്തെ കൈവിരലുകള്‍ ഞെരിക്കുന്നതും കൈ പിടിച്ച് തിരിക്കുന്നതും തല്ലാന്‍ കൈയോങ്ങുന്നതുമായ ദൃശ്യങ്ങളാണ് വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവദിവസം പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയോ കൂട്ടിരിപ്പുകാരനോ രഹസ്യമായി പകര്‍ത്തിയതാണ് ഇൗ ദൃശ്യങ്ങൾ.
സംഭവം ശ്രദ്ധയിൽപെട്ടയുടന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ മെഡിക്കല്‍ കോളജ് അധികൃതരോട് വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കി. ഇതിെൻറ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് സുനില്‍കുമാറാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ ഉടനടി സസ്പെന്‍ഡ് ചെയ്തു.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളജ് സൂപ്രണ്ടും സിറ്റി പൊലീസ് കമീഷണറും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ നിർദേശിച്ചു. സംഭവം ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനും ആരോഗ്യ നിയമ സംരക്ഷണ പ്രതികരണവേദി ചെയര്‍മാനും കൂടിയായ പി.കെ. രാജു മനുഷ്യാവകാശ കമീഷന്‍, സിറ്റി പൊലീസ് കമീഷണര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, മെഡിക്കല്‍ കോളജ് പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.