യൂനിവേഴ്സിറ്റി കോളജിലെ ആത്മഹത്യാശ്രമം: പെൺകുട്ടിക്ക് പരാതിയില്ലെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം / ആറ്റിങ്ങല്‍: യൂനിവേഴ്സിറ്റി കോളജ് കാമ്പസിൽ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് പരാതിയില്ലെന്ന് പൊലീസ്. ആത്മഹത്യക്ക് ശ്രമിച്ചത് മാനസികസമ്മര്‍ദം മൂലമാണെന്നും എസ്.എഫ്.ഐയുടെ സംഘടനാപ്രവർത്തനംമൂലം പഠിക്കാനുള്ള സാഹചര്യമായിരുന്നില്ലെന്നും ഇതിെൻറ പേരില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്നും മൊഴി നല്‍കിയതായി െപാലീസ് അവകാശപ്പെട്ടു.
ആത്മഹത്യാകുറിപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രത്യേക മാനസിക സംഘര്‍ഷം മൂലം എഴുതിപ്പോയതാണെന്നായിരുന്നു പെൺകുട്ടിയുടെ മറുപടിയെന്നാണ് പൊലീസ് ഭാഷ്യം. ശനിയാഴ്ച രാവിലെയാണ് ഒന്നാം വർഷ ബിരുദവിദ്യാർഥിയായ പെൺകുട്ടി രക്ഷാകർത്താക്കളോടൊപ്പം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെത്തിയത്. മെഡിക്കല്‍ പരിശോധനക്കുശേഷം ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷാകർത്താക്കളോടൊപ്പം വിട്ടു.
വ്യാഴാഴ്ചയാണ് കോളജിലേക്ക് പോകാനാനിറങ്ങിയ പെൺകുട്ടിയെ കാണാതായത്. വെള്ളിയാഴ്ച രാവിലെ കോളജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവർ രക്തംവാർന്ന് ബോധരഹിതയായനിലയില്‍ വിദ്യാർഥിനിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേൻറാൺമെൻറ് പൊലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഡോക്ടറാണ് പെണ്‍കുട്ടിയില്‍നിന്ന് മൂന്ന് പേജുള്ള ആത്മഹത്യാകുറിപ്പ് കണ്ടെത്തി പൊലീസിന് കൈമാറിയത്. ആത്മഹത്യാകുറിപ്പിൽ കോളജ് പ്രിൻസിപ്പലിനെതിരെയും എസ്.എഫ്.ഐ ഭാരവാഹികൾക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണെന്നും അധ്യയനവർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്.
ക്ലാസുള്ള ദിവസങ്ങളിൽ അധ്യാപകർ കൃത്യമായി ക്ലാസെടുക്കാൻ എത്താറില്ല. കൃത്യമായി ക്ലാസില്ലാത്തതിനാൽ ഇേൻറണൽ മാർക്കിലും കുറവുണ്ടാകുന്നു. ആർത്തവസമയത്ത് കരഞ്ഞ് പറഞ്ഞിട്ടുപോലും ക്ലാസിലിരുത്താതെ എസ്.എഫ്.ഐ സെക്രട്ടേറിയറ്റ് മാർച്ചിന് കൊണ്ടുപോയി.
ദുരനുഭവങ്ങൾ കോളജ് പ്രിൻസിപ്പലിനോട് നേരിട്ട് പരാതി പറഞ്ഞെങ്കിലും നടപടിയെടുത്തില്ല. ആത്മഹത്യക്ക് കാരണക്കാർ യൂനിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലും എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളുമാണെന്നും പെൺകുട്ടി കുറിപ്പില്‍ വിശദമാക്കിയിരുന്നു. സംഭവം വിവാദമായതോടെ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീൽ ഉന്നതവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി. ചൊവ്വാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കോളജ് വിദ്യാഭ്യാസ ഡയറക്ടറും കോളജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.