'ഓ! മൈ ഗോഡ്! തിത്തിരിപ്പക്ഷി'; ജൈവവൈവിധ്യ പെരുമ വിളിച്ചോതി 'ട്രോൾ' മത്സരം
text_fieldsകോഴിക്കോട്: എന്തിനും ഏതിനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ട്രോളുകൾ നിറയുമ്പോൾ വ്യത്യസ്തമായ പ്രചാരണവുമായി ഒരു കൂട്ടം പ്രകൃതി സ്നേഹികൾ. വിവിധ ജീവജാലങ്ങളുടെ പ്രത്യേകതകൾ വിവരിക്കുന്ന ട്രോളുകളുടെ മത്സരം നടത്തിയാണ് മലബാർ അവയർനെസ് ആൻറ് റെസ്ക്യു സെൻറർ ഫോർ വൈൽഡ് ലൈഫ് (മാർക്ക്) എന്ന സന്നദ്ധ സംഘടന ശ്രദ്ധേയമായത്.
വന്യ ജീവി സംരക്ഷണ വാരത്തോടനുബന്ധിച്ച്സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ പങ്കെടുത്തു. 'നാടോടിക്കാറ്റ്' സിനിമയിൽ തിലകൻ അവതരിപ്പിച്ച കഥാപാത്രമായ അനന്തൻ നമ്പ്യാരുടെ രംഗമുൾക്കൊള്ളുന്ന 'മീം' ആണ് ഒന്നാം സ്ഥാനം നേടിയത്. ഡോ. പി.കെ. മുഹമ്മദ് സായിർ ആയിരുന്നു ഈ ട്രോളിന് പിന്നിൽ.
ചെങ്കണ്ണി തിത്തിരി പക്ഷിയുടെ പ്രത്യേകതകളാണ് ട്രോളിൽ പറയുന്നത്. മറ്റ് ചില പക്ഷികളിൽ നിന്ന് വ്യത്യസ്തമായി നിലത്ത് തന്നെയാണ് ചെങ്കണ്ണി തിത്തിരി കൂട് കൂട്ടുന്നത്. അതിനാൽ മുട്ട തേടിയും മറ്റും ശത്രുക്കൾക്ക് എളുപ്പമെത്താൻ പറ്റും. എന്നാൽ ഇര പിടിക്കാൻ വരുന്ന പക്ഷികളെയും മൃഗങ്ങളെയും ഓടിച്ച് വിടാൻ മികച്ച അഭിനയമാണ് തിത്തിരി പക്ഷി പുറത്തെടുക്കുക. പ്രത്യേക ശബ്ദത്തിൽ വിളിച്ച് കൂവിയും ചിറക് പ്രത്യേക രീതിയിൽ മടക്കി ഒടിഞ്ഞതുപോലെയും ശത്രുക്കളുടെ ശ്രദ്ധ തിരിക്കുന്നതാണ് ഇവയുടെ പ്രത്യേകത. ഈ കരുതലാണ് ഒന്നാം സ്ഥാനം നേടിയ ട്രോളിന്‍റെ പ്രമേയം.
ഹരിപ്രസാദിനാണ് രണ്ടാം സ്ഥാനം. വിദഗ്ധരല്ലാത്തവർ പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കുന്നത് അപകടകരമാണെന്ന് ഹരിപ്രസാദ് ട്രോളിലൂടെ മുന്നറിയിപ്പ് നൽകുന്നു. തന്‍റെ കൂട്ടിൽ മുട്ട വിരിഞ്ഞ് പുറത്തു വന്ന കൊമ്പൻ കുയിലിനെ ഊട്ടുന്ന പൂത്താങ്കീരി കിളിയുടെ പ്രത്യേകത പറയുന്ന യദുനാഥിന്‍റെ ട്രോളാണ് മൂന്നാം സ്ഥാനം നേടിയത്. വിവിധ തരം ഓന്തുകളെ എങ്ങിനെ തിരിച്ചറിയാമെന്ന് മൂന്നാം സ്ഥാനം പങ്കിട്ട നിഹാൽ ജബിന്‍റെ ട്രോൾ വ്യക്തമാക്കുന്നു.
'മാർക്ക്' സെക്രട്ടറി റോഷ്നാഥ് രമേഷിന്‍റെ നേതൃത്വത്തിലാണ് ട്രോൾ മത്സരം നടത്തിയത്. സി. ശശികുമാർ, ഡോ. പി.എസ്. ജിനേഷ്, കെ. അരുൺ കുമാർ എന്നിവരായിരുന്നു വിധികർത്താക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.