സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു; തീരത്ത് ഇനി വറുതിയുടെ നാളുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മുതലാണ് നിലവിൽ വന്നത്. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം.
ഈ സമയങ്ങളില്‍ ട്രോളിങ് വലകളുപയോഗിച്ചുളള മത്സ്യബന്ധനം അനുവദിക്കില്ല. ഒഴുക്കുവല, പഴ്സീൻ നെറ്റ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും അനുവദിക്കില്ല.
52 ദിവസം ഉപജീവനമാർഗം മുടങ്ങുന്നതോടെ തീരം വറുതിയിലേക്ക് നീങ്ങും. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കും ഈ മേഖലയിൽ തൊഴിലെടുക്കുന്ന മറ്റുള്ളവർക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജിതമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.
മുട്ടകളിട്ട് കൂടുതൽ മത്സ്യസമ്പത്ത് ഉണ്ടാകുന്ന കാലമാണ് ജൂൺ, ജൂലൈ മാസങ്ങൾ. കടലിന്റെ അടിത്തട്ടിൽ മുട്ടയിട്ട് കുഞ്ഞുങ്ങളുണ്ടാകുന്ന കാലയളവിൽ ട്രോളിങ് വലകളുപയോഗിച്ച് മീൻപിടിക്കുമ്പോൾ മത്സ്യസമ്പത്ത് നശിക്കുന്നതിനാൽ 1988 മുതലാണ് നിരോധനം നിലവിൽ വന്നത്. ഇൻബോർഡുൾപ്പെടെയുളള വള്ളങ്ങൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് നിരോധനം ബാധകമല്ല. കടലിന്റെ അടിത്തട്ടിളക്കിയുള്ള മത്സ്യബന്ധനമാണ് യന്ത്രവത്കൃത ബോട്ടുകളില്‍ നടന്നുവരുന്നത്. ഇവിടെ മത്സ്യബന്ധനം നിർത്തിവെക്കുമ്പോഴും വിദേശ കപ്പലുകൾ മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ വാദം.
അന്യസംസ്ഥാന വള്ളങ്ങള്‍ക്ക് ട്രോളിങ് കാലയളവില്‍ സംസ്ഥാനത്ത് മത്സ്യവില്പന അനുവദിക്കില്ല. സംസ്ഥാനത്തെ വള്ളങ്ങള്‍ തിരിച്ചറിയാൻ വള്ളങ്ങളുടെ ഹള്ളില്‍ നൈല്ബ്ലൂവും മുകള്‍ഭാഗത്ത് ഫ്ലൂറസെന്റ് ഓറഞ്ച് നിറവും അടിക്കണം. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതോടൊപ്പം യാനത്തിന്റെ രജിസ്ട്രേഷന്, ലൈസന്‍സ് എന്നിവ റദ്ദാക്കും. അടിയന്തിര സാഹചര്യത്തില്‍ 0477-2297707,2251103,2296100, 0478-2573052, ടോള്‍ഫ്രീ നമ്പരായ 1093 എന്നിവയിൽ ബന്ധപ്പെടാമെന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനില്‍ നിന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.