സംസ്ഥാനത്ത് ജൂൺ ഒമ്പതു മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അർധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഇക്കാലയളവിൽ ട്രോളിങ് ബോട്ടില്‍ ജോലിയെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷൻ വിതരണം ഊർജിതമാക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മേയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിരോധനം നടപ്പാക്കാൻ ജില്ല കലക്ടർമാരുടെ യോഗം വിളിക്കും.
ഇതരസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കേരള തീരം വിട്ടുപോകണം. കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങളൊഴികെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകണം.
ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യഫെഡിന്‍റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കണം. കടൽ സുരക്ഷയുടെയും തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും ബയോമെട്രിക് ഐ.ഡി കാർഡ്/ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ഏകീകൃത കളർ കോഡിങ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിങ് നിരോധന കാലയളവിൽ തന്നെ അടിയന്തരമായി ചെയ്യണം. ജൂൺ ഒമ്പതിന് വൈകീട്ടോടെ ട്രോളിങ് ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കണം.
ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ.
കടലിൽ രക്ഷാപ്രവർത്തനങ്ങൾ വേണ്ടിവരുമ്പോൾ ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്‍റ്, കോസ്റ്റൽ പൊലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കണം. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ, ജില്ല കലക്ടർമാർ, ജില്ല പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.