'മോദി യു.എ.ഇ ഷെയ്ഖിനെ വിളിച്ച് 10,000 ഹജ്ജ് സീറ്റുകൾ അധികം വാങ്ങിച്ചു'; അബ്ദുല്ലക്കുട്ടിയുടെ പ്രസംഗത്തെ ട്രോളി സാമൂഹിക മാധ്യമങ്ങൾ - വിഡിയോ
text_fieldsകോഴിക്കോട്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ ഷെയ്ഖിനെ വിളിച്ച് 10,000 ഹജ്ജ് സീറ്റുകൾ അധികം വാങ്ങിച്ചെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി. അബ്ദുല്ലക്കുട്ടിയുടെ പ്രസംഗത്തെ ട്രോളി സാമൂഹിക മാധ്യമങ്ങൾ. കോഴിക്കോട് ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി. സൗദി അറേബ്യയിലെ മക്കയിലാണ് ഹജ്ജ് നടക്കുന്നത്. സൗദി രാജാവിനെ വിളിക്കുന്നതിന് പകരം മറ്റൊരു രാജ്യമായ യു.എ.ഇയിലെ ഷെയ്ഖിനോട് ആവശ്യപ്പെട്ടു എന്ന പ്രയോഗമാണ് ട്രോളുകൾക്ക് കാരണമായത്.
'2019ലാണ് ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ആളുകൾ തീർത്ഥാടനത്തിന് പോയത്. രാജ്യത്ത് ഹജ്ജിന് പോകുന്നവരുടെ അപേക്ഷകൾ വളരെ അധികം കൂടിയപ്പോൾ നരേന്ദ്ര മോദി യു.എ.ഇ ഷെയ്ഖിനെ വിളിച്ചു. ഞങ്ങൾക്ക് 1.90 ലക്ഷം സീറ്റുകൾ പോര, കുറച്ചു കൂടുതൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ നരേന്ദ്ര മോദി ഇടപെട്ട് 10,000 സീറ്റ് അധികം വാങ്ങിച്ചു. ആ വർഷം ഇന്തോനേഷ്യയുടെ അടുത്തുള്ള സംഘം നമുക്കുണ്ടായി. എന്നിട്ട് നരേന്ദ്ര മോദി ഒരു തീരുമാനമെടുത്തു, സ്വകാര്യ ട്രാവൽ ഏജൻസികൾക്ക് ഈ അധിക സീറ്റ് നൽകില്ല എന്ന്. പകരം തീർത്ഥാടകരെ സർക്കാർ ക്വാട്ടയിൽ കൊണ്ടുപോകാൻ ആലോചിച്ചു.
എന്നാൽ, സർക്കാറിന് കൊണ്ടുപോകാൻ വിമാനങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് മോദി ഒരു പ്രഖ്യാപനം നടത്തി, സർക്കാർ നിശ്ചയിച്ച തുകക്ക് തീർത്ഥാടകരെ കൊണ്ടുപോകാൻ താൽപ്പര്യമുള്ള ഏജൻസികൾ മുന്നോട്ടുവരണമെന്ന്. അങ്ങനെ പതിനായിരത്തോളം ആളുകളെ സർക്കാർ നിശ്ചയിച്ച നിരക്കിൽ, ഒരു കൊള്ളലാഭവും ഇല്ലാതെ ഈ നാട്ടിലെ വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ സഹായം നൽകിയ മഹാനായ നേതാവാണ് നരേന്ദ്ര മോദി' -അബ്ദുല്ലക്കുട്ടി പ്രസംഗത്തിൽ പറഞ്ഞു.
അബ്ദുല്ലക്കുട്ടിയുടെ ഈ പ്രസംഗത്തിനെതിരെ വൻ ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ വരുന്നത്. 'സൗദി അറേബ്യയിലെ മക്കയിൽ നടക്കുന്ന ഹജ്ജ് കർമ്മത്തിനു വേണ്ടി യു.എ.ഇ ഷൈയ്ഖിനെ വിളിച്ച് എണ്ണം കൂട്ടാൻ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ' എന്ന് ടി. സിദ്ദിഖ് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.