സുരേഷ് ഗോപിക്ക് ട്രോളന്മാരുടെ സല്യൂട്ട്; 'എല്ലാ ജില്ലകളിലും സല്യൂട്ട് സെൻറർ, സംവരണാടിസ്ഥാനത്തിലും ലഭിക്കും'
text_fieldsതൃശൂർ: നടനും രാജ്യസഭ അംഗവുമായ സുരേഷ് ഗോപി ഒല്ലൂർ സി.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചതിലൂടെ വീണ്ടും ചർച്ചയായ സല്യൂട്ട് വിവാദത്തിന് പൊലീസ് ഗ്രൂപ്പുകളിൽ കടുത്ത വിമർശനവും പരിഹാസവും. 'സല്യൂട്ടിെൻറ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് എല്ലാ ജില്ലകളിലും സല്യൂട്ടിങ് സെൻററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായാണ്' ഒരു ട്രോൾ.
സല്യൂട്ട് ആവശ്യമുള്ളവർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും സി.പി.ഒ സല്യൂട്ടിന് -500, എസ്.ഐ -1500, സി.ഐ -2000, ഡിവൈ.എസ്.പി -2500, ഐ.പി.എസ് സല്യൂട്ടിന് -5000 ഫീസ് അടക്കണം എന്നും ട്രോളുകൾ ഉയർന്നു. സല്യൂട്ട് ചെയ്യുമ്പോൾ മുഖത്ത് വിനയം വേണമെന്നുള്ളവർ 500 രൂപ അധികം അടച്ചാൽ മാസ്ക് െവക്കാതെ വിനയത്തോടെ സല്യൂട്ട് ലഭിക്കും, ആദ്യഘട്ടത്തിൽ എം.പി, എം.എൽ.എ, മേയർ എന്നിവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക, സല്യൂട്ടിൽ 10 ശതമാനം ഒ.ബി.സി വിഭാഗക്കാർക്കും 10 ശതമാനം മുന്നാക്ക വിഭാഗക്കാർക്കും 80 ശതമാനം രാഷ്ട്രീയക്കാർക്കും നീക്കിവെച്ചിട്ടുണ്ട്, കിടപ്പുരോഗികൾക്ക് വീട്ടിലെത്തി സല്യൂട്ട് നൽകുന്നതാണ്... എന്നിങ്ങനെ പരിഹാസവും വിമർശനവും കലർന്ന ട്രോളുകളാണ് ഗ്രൂപ്പുകളിൽ നിറയുന്നത്.
നേരത്തേ തൃശൂർ മേയർ എം.കെ. വർഗീസ് തന്നെ പൊലീസ് ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് ചെയ്യുന്നില്ലെന്നുമുള്ള പരാതി ഉയർത്തിയതിന് പിന്നാലെയാണ് തൃശൂരിൽനിന്നുതന്നെ സുരേഷ് ഗോപിയുടെ സല്യൂട്ട് ആവശ്യവുമുയർന്നത്. എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചതിൽ കടുത്ത പ്രതിഷേധമാണ് പൊലീസിൽ ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലും ട്രോൾ നിറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.