കാട്ടാനകൾക്ക് കഷ്ടകാലം; സംസ്ഥാനത്ത് ഒറ്റ ദിനം ചെരിഞ്ഞത് മൂന്ന് ആനകൾ
text_fieldsകൽപറ്റ/തിരുവമ്പാടി/കരുളായി: ഞായറാഴ്ച ആനപ്രേമികൾക്ക് കണ്ണീർദിനമായിരുന്നു. കാരണം, സംസ്ഥാനത്ത് ഒറ്റദിനം മൂന്ന് ആനകളാണ് ചെരിഞ്ഞത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആനകളുടെ ദാരുണാന്ത്യം. വയനാട്ടിലെ കുറിച്യാട് റേഞ്ചിന് കീഴിലുള്ള കന്നാരം പുഴയോരത്ത് ഞായറാഴ്ച രാവിലെയാണ് രണ്ടുമാസം പ്രായമുള്ള കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. അമ്മയാന ഉൾപ്പെടെ കാട്ടാനക്കൂട്ടം ജഡത്തിനരികിൽനിന്ന് മാറാൻ കൂട്ടാക്കാത്തത് നൊമ്പരക്കാഴ്ചയായിരുന്നു. വനപാലകർ പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പോസ്റ്റ്മോർട്ടം ചെയ്യാൻ വെറ്ററിനറി സർജൻ ഉൾപ്പെടെ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും ജഡത്തിനടുത്തേക്ക് പോകാൻ ആനക്കൂട്ടം സമ്മതിച്ചിട്ടില്ല. രണ്ടുദിവസം കഴിയുേമ്പാൾ ജഡത്തിൽനിന്ന് ദുർഗന്ധം വമിച്ചുതുടങ്ങും. ശേഷമേ ആനക്കൂട്ടം പിൻവാങ്ങൂവെന്നാണ് വനപാലകർ പറയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവൂ.
മലപ്പുറം മൈലമ്പാറ ചെരങ്ങാത്തോടിനു സമീപം പനിച്ചോലയിൽ ഞായറാഴ്ച രാവിലെ എട്ടോടെയാണ് മറ്റൊരാനയുടെ ജഡം കണ്ടത്. 30 വയസ്സ് തോന്നിക്കുന്ന മോഴയാനയാണ് ചെരിഞ്ഞത്. കുറ്റിക്കാട് സ്വദേശി പൂഴിക്കുത്ത് കുഞ്ഞിമുഹമ്മദിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു ജഡം. സമീപത്തെ മൈലമ്പാറ എരഞ്ഞിക്കൽ ജമീലയുടെ കൃഷിയിടത്തിൽ വാഴ നനക്കാൻ ഉപയോഗിക്കുന്ന മോേട്ടാറിെൻറ വൈദ്യുതി കണക്ഷൻ വാഴയോടൊപ്പം വേറിട്ടനിലയിൽ കണ്ടെത്തിയിട്ടുണ്ട്.
വാഴതിന്നാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി കേബിളിൽനിന്ന് ഷോക്കേറ്റുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു. വനംവകുപ്പും പൂക്കോട്ടുംപാടം പൊലീസും അന്വേഷണം നടത്തുന്നുണ്ട്.
കോഴിക്കോട് തിരുവമ്പാടിയിൽ മൂന്നുനാൾ മുമ്പ് മുത്തപ്പൻപുഴ തേൻപാറ തൊണ്ണൂറിലെ കിണറ്റിൽനിന്ന് വനപാലകർ രക്ഷപ്പെടുത്തിയ കാട്ടാനയാണ് ഞായറാഴ്ച ചെരിഞ്ഞത്. രാവിലെ കിണറിെൻറ കുറച്ചകലെയാണ് ജഡം കണ്ടത്. ആന്തരിക രക്തസ്രാവവും പരിക്കുമാകാം മരണകാരണമെന്നാണ് നിഗമനം. വെറ്ററിനറി സർജെൻറ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം ആനയെ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.