ട്രസ് സാമഗ്രികൾ മറിച്ചുവിറ്റ് കബളിപ്പിക്കൽ: യുവാക്കൾ അറസ്റ്റിൽ
text_fieldsആമ്പല്ലൂര്‍: ട്രസ് വര്‍ക്ക് മെറ്റീരിയല്‍സ് ഓര്‍ഡര്‍ ചെയ്ത് വര്‍ക്ക് സൈറ്റില്‍ ഇറക്കിയശേഷം മറിച്ചുവിറ്റ് പണം നല്‍കാതെ കടയുടമയെ പറ്റിക്കുന്ന യുവാക്കള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി മംഗലം സ്വദേശി അരയപറമ്പില്‍ വീട്ടില്‍ വിബീഷ് (ഉണ്ണി-31), ചിറ്റണ്ട കക്കൂത്ത് വീട്ടില്‍ മനോജ് (40) എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ വിബീഷും മനോജും ചേര്‍ന്ന് പെരിങ്ങാവ് സ്വദേശിയുടെ ട്രസ് വര്‍ക്ക് മെറ്റീരിയല്‍സ് വില്പന സ്ഥാപനത്തിലെത്തി ബിസിനസുകാരനെന്ന വ്യാജേന ഒമ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു വര്‍ക്ക് ചെയ്യണമെന്നും കല്ലൂര്‍ ഭരതയിലുള്ള ഒരു സ്ഥലം കാണിച്ചുകൊടുക്കുകയും ഒരു ലോഡ് മെറ്റീരിയല്‍സ് അവിടേക്ക് എത്രയും പെട്ടെന്ന് എത്തിക്കാന്‍ ആവശ്യപ്പെടുകയും ഇറക്കിയ ലോഡിന് പണത്തിന് പകരം ചെക്ക് നല്‍കുകയുമായിരുന്നു.
ഒരാഴ്ച കഴിഞ്ഞ് ബാങ്കില്‍ പണമില്ലാതെ ചെക്ക് മടങ്ങിയപ്പോള്‍ വിബീഷിനെയും മനോജിനെയും ഫോണ്‍ ചെയ്തപ്പോള്‍ ഇവരുടെ ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. മെറ്റീരിയല്‍സ് ഇറക്കിയ ഇടത്തില്‍ ചെന്ന് നോക്കിയപ്പോള്‍ അവ അവിടെ നിന്ന് മാറ്റിയതായി കണ്ടതിനെ തുടര്‍ന്ന് കടയുടമ ലോഡിങ് തൊഴിലാളികളോട് അന്വേഷിച്ചപ്പോളാണ് ഇറക്കിയ ഉടന്‍ തന്നെ മെറ്റീരിയല്‍സ് അവിടെ നിന്ന് മറ്റൊരു ലോറിയില്‍ കയറ്റി പോയതായി അറിഞ്ഞത്. കടയുടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടാന്‍ തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിെൻറ നിര്‍ദേശത്തെ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷ്, പുതുക്കാട് സി.ഐ ടി.എന്‍. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കുടുക്കിയത്. വിവിധ സ്ഥലങ്ങളില്‍ മാറി മാറി വാടകക്ക് താമസിച്ചുവന്നിരുന്ന കേരളത്തിലെ പല സ്ഥലങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ചപ്പോഴാണ് കടവല്ലൂര്‍ ഭാഗത്ത് വാടകക്ക് താമസിക്കുന്നതായി വിവരം ലഭിച്ചത്. പിടിയിലായ വിബീഷിന് മാള, മണ്ണാര്‍ക്കാട്, തൃത്താല, തൃശൂര്‍ മെഡിക്കൽ കോളജ് സ്റ്റേഷനുകളിലും മനോജിന് വടക്കാഞ്ചേരി സ്റ്റേഷനിലും കേസ് നിലവിലുണ്ട്.
ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷിെൻറ നേതൃത്വത്തില്‍ പുതുക്കാട് സി.ഐ ടി.എന്‍. ഉണ്ണികൃഷ്ണന്, എസ്.ഐമാരായ സിദ്ദീഖ്, അബ്ദുൽ ഖാദര്‍, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, ജോഫി ജോസ്, പി.എ. ആസാദ്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, ടി.സി. ബിജു, സൈബര്‍ വിദഗ്ധനായ എം.ജെ. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ സംഘം മറ്റു ജില്ലകളില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.