'ഭർത്താവിനെ അറിയുന്ന ഒരാളും വിശ്വസിക്കില്ലിത്; നീതിന്യായവ്യവസ്ഥ സത്യത്തിെൻറ കൂടെയുണ്ടാവും'
text_fieldsകൊച്ചി: ''ഭാര്യ ആയതോണ്ട് പറയുന്നതല്ല, ബാവനെ അറിയ്ണ ഒരാളും സമ്മതിക്കൂല്ല ആ പൊലീസുകാര് പറയുന്നതൊന്നും. അയൽപക്കത്തുള്ളോരു പോലും എന്തിനാ ആ സാധൂനെ പിടിച്ചോണ്ട് പോയേ എന്നും ചോദിച്ച് കരയ്വാണ്. മക്കളുടെ അവസ്ഥയാണ് വേദനിപ്പിക്കുന്നത്.
90 വയസ്സുള്ള, കിടപ്പിലായ ഉമ്മാെൻറ കരളായിരുന്നു ഇളയമോൻ, വീട്ടിലേക്ക് ആൾക്കാരൊക്കെ വരുന്നതുകൊണ്ട് ഉമ്മാനെ ഇവിടെന്ന് മാറ്റിയിരിക്ക്യാണ്...'' ഹാഥറസിലേക്ക് പോകുന്നതിനിടെ യു.പി പൊലീസ് പിടികൂടി യു.എ.പി.എ ചുമത്തി ജയിലിലടച്ച മാധ്യമപ്രവർത്തകനും കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ കുറിച്ച് ഭാര്യ റെയ്ഹാനത്തിെൻറ വാക്കുകൾ. മലപ്പുറം വേങ്ങര പൂച്ചോലമാട് താമസിക്കുന്ന ഇവരുടെ കുടുംബം സിദ്ദീഖിെൻറ മോചനത്തിനായി പ്രാർഥനയുമായി കാത്തിരിക്കുകയാണ്.
നേരേത്ത ഗൾഫിലായിരുന്ന സിദ്ദീഖ് നാട്ടിലെത്തിയ ശേഷം എഴുത്തിനോടുള്ള ഇഷ്ടംകൊണ്ടാണ് മാധ്യമമേഖലയിലേക്ക് തിരിഞ്ഞത്.വിക്കിപീഡിയ കൂട്ടായ്മകളിലും ഏറെ സജീവമായിരുന്നു. ഞായറാഴ്ച രാത്രി 12നാണ് അവസാനമായി വിളിച്ചത്. രാവിലെ ഫോൺ ചെയ്തെങ്കിലും എടുത്തില്ല. കടുത്ത പ്രമേഹബാധിതനായതിനാൽ വല്ലതും പറ്റിക്കാണുമോ എന്നാണ് പേടി. പിറ്റേന്ന് സുഹൃത്ത് വഴി അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വാർത്തയറിഞ്ഞത്.
ഭർത്താവിനു നിലവിൽ ഒരു പാർട്ടിയുമായും രാഷ്ട്രീയ ബന്ധമോ അനുഭാവമോ ഇല്ലെന്നും നിലപാടുകൾ കൃത്യമായിരുന്നുവെന്നും അവർ പറയുന്നു. പ്ലസ് ടു, ഏഴാം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടികളും രണ്ടിൽ പഠിക്കുന്ന പെൺകുട്ടിയുമാണ് ദമ്പതികൾക്ക്.
ഒരാഴ്ച പിന്നിട്ടിട്ടും ഭർത്താവിനെ ഒന്ന് വിളിക്കാൻപോലും കഴിഞ്ഞിയിട്ടില്ല, വക്കീൽ മുഖേനയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുഖ്യമന്ത്രി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവർക്കെല്ലാം കത്ത് നൽകി. നിരപരാധികളെ വർഷങ്ങളോളം ജയിലിലിട്ട് പീഡിപ്പിക്കുന്ന അനുഭവങ്ങൾ മുന്നിലുള്ളതുകൊണ്ട് ആശങ്ക ഏറെയാണെങ്കിലും നീതിന്യായവ്യവസ്ഥ സത്യത്തിെൻറ കൂടെയാണെന്നും അദ്ദേഹം തിരിച്ചുവരുമെന്നും റെയ്ഹാനത്ത് പ്രതീക്ഷയോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.