സത്യം ജയിച്ചു -കണ്ണീരോടെ വര്‍ഗീസ് പി തോമസ്
text_fieldsകോട്ടയം: 'സത്യം ജയിച്ചു. എന്‍റെ അന്വേഷണം സത്യസന്ധമായിരുന്നെന്ന് തെളിഞ്ഞു' - അഭയ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചപ്പോൾ കണ്ണീരോടെ സി.ബി.ഐ മുന്‍ ഡിവൈ.എസ്.പി വര്‍ഗീസ് പി. തോമസിന്‍റെ പ്രതികരണം ഇതായിരുന്നു. കോടതി വിധി വന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക്കവേ പലപ്പോഴും അദ്ദേഹം വിതുമ്പി. അഭയയുടെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ വര്‍ഗീസ് തോമസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വി.ആര്‍.എസ് എടുത്ത ഉദ്യോഗ്സഥനാണ്.
സന്തോഷം കൊണ്ടാണ് കണ്ണുനിറഞ്ഞുപോകുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'കുറ്റം തെളിഞ്ഞു എന്നുപറഞ്ഞാല്‍ സത്യം ജയിച്ചു എന്നാണ്. ഇനി ശിക്ഷ എന്തായാലും, കൂടിപ്പോയാലും കുറഞ്ഞാലും പ്രശ്‌നമില്ല. കുറ്റം തെളിഞ്ഞപ്പോള്‍ തന്നെ എന്‍റെ അന്വേഷണം നീതിപൂര്‍വ്വമായിരുന്നു എന്നു തെളിഞ്ഞു. ഞാന്‍ സന്തുഷ്ടനാണ്' -വര്‍ഗീസ് പി. തോമസ് പറഞ്ഞു.
'സത്യസന്ധമായിട്ടേ ഞാൻ കേസുകള്‍ അന്വേഷിച്ചിട്ടുള്ളു. ജനശ്രദ്ധ കൂടുതല്‍ ഉണ്ടായിരുന്നത് കൊണ്ട് കൃത്യമായിട്ടും ആഴത്തിലുമാണ് അഭയ കേസ് അന്വേഷിച്ചത്. ഈ കേസ് നൂറ് ശതമാനം സത്യസന്ധമായാണ് അന്വേഷിച്ചത്. അതിന്‍റെ തെളിവാണ് കോടതി വിധി. സത്യത്തിന് വേണ്ടി നിലകൊണ്ടതിന് കൊടുത്ത വിലയാണ് എന്‍റെ വി.ആർ.എസ്. പത്ത് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് വി.ആർ.എസ് എടുത്തത്. എന്‍റെ കൂടെയുണ്ടായിരുന്നവരില്‍ പലരും ഡി.ഐ.ജിമാരായി. ക്ലിയറായ ട്രാക്ക് റെക്കോര്‍ഡുള്ള ഞാനും അവിടെയെത്തിയേനെ. പക്ഷേ, സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയുകയില്ലെന്ന് ബോധ്യമായപ്പോൾ വി.ആർ.എസ് എടുക്കുകയായിരുന്നു. പൊലീസിലായാലും ഡിഫന്‍സിലായാലും മേലുദ്യോഗസ്ഥന്‍ പറയുന്നത് തെറ്റായാലും ശരിയായാലും അനുസരിച്ചില്ലെങ്കില്‍ തുടരാന്‍ ബുദ്ധിമുട്ടാകും. എനിക്ക് മുമ്പില്‍ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു'- അദ്ദേഹം പറഞ്ഞു.
തനിക്ക് ഇന്ത്യയിലെവിടെ വേണമെങ്കിലും സ്ഥലംമാറ്റം തരാമെന്ന് അന്നത്തെ സി.ബി.ഐ അഡീഷനല്‍ ഡയറക്ടര്‍ പറഞ്ഞതാണ്. അങ്ങനെ ഒരു സ്ഥലംമാറ്റം ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്നതിനാൽ അത് സ്വീകരിച്ചില്ല. കേസന്വേഷണം അവസാനഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ സ്ഥലംമാറ്റം താന്‍ ചോദിച്ചുവാങ്ങിയതാണേല്‍ പോലും ജനങ്ങള്‍ പണിഷ്‌മെന്‍റ് ട്രാന്‍സ്ഫര്‍ ആയേ കരുതൂയെന്നും വര്‍ഗീസ് തോമസ് വ്യക്തമാക്കി.
അന്നത്തെ സി.ബി.ഐ എസ്.പിയായിരുന്ന വി. ത്യാഗരാജന്‍റെ സമ്മര്‍ദമുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അഭയയുടെ മരണം കൊലപാതകം അല്ല ആത്മഹത്യായിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് ത്യാഗരാജന്‍ ആവശ്യപ്പെട്ടത്. അതിന് വഴങ്ങാതെ അഭയയുടെ മരണം കൊലപാതകം ആണെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം 1993 ഡിസംബറില്‍ ആണ് വര്‍ഗീസ് തോമസ് വി.ആർ.എസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.