പ്രതിപക്ഷ ഉന്നതരുടെ അറസ്റ്റിന് നീക്കം
text_fieldsതിരുവനന്തപുരം: മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് പിന്നാലെ വരും ദിവസങ്ങളിൽ മുൻ മന്ത്രിമാരുെടയും യു.ഡി.എഫിലെ മുതിർന്ന നേതാക്കളുടെയും അറസ്റ്റിന് സാധ്യത. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന അന്വേഷണ ഏജൻസികളിൽനിന്ന് പല കേസുകളിലും ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കാം.
ജ്വല്ലറി തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റിൽ തുടങ്ങിയ നടപടികൾ ഇബ്രാഹിംകുഞ്ഞിലേക്ക് നീങ്ങി. മുസ്ലിംലീഗ് എം.എൽ.എ കെ.എം. ഷാജി, ബാർ കോഴക്കേസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു, സോളാർ കേസിൽ മുൻ മന്ത്രി എ.പി. അനിൽകുമാർ ഉൾെപ്പടെ യു.ഡി.എഫ് നേതാക്കൾക്കെതിരെ അന്വേഷണം വേഗത്തിലാക്കുമെന്നാണ് വിവരം. പുറമെ ബി.ജെ.പിയിലെ ചില ഉന്നതരുമായി ബന്ധപ്പെട്ട് മുമ്പുയർന്ന ചില പരാതികൾ വീണ്ടും അന്വേഷിക്കും. ചില മുൻ മന്ത്രിമാരുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും പൊടിതട്ടിയെടുത്തിട്ടുണ്ട്.
സംസ്ഥാനത്തിനുമേൽ കേന്ദ്ര അന്വേഷണ ഏജൻസികൾ വട്ടമിട്ട് പറക്കുന്നെന്ന് വിമർശിക്കുന്ന സർക്കാറാണ് സ്വന്തം ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നീക്കങ്ങളെ ചെറുക്കുന്നതെന്ന ആേക്ഷപമുണ്ട്. ബാർ കോഴ സംബന്ധിച്ച് ബാറുടമ ബിജു രമേശിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് ഉൾപ്പെടെ മുൻ മന്ത്രിമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്ന നടപടിയുമായി മുന്നോട്ടുപോകുകയാണ് സർക്കാർ. വിഷയത്തിൽ ഗവർണർ അനുമതി നൽകരുതെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവും രംഗത്തെത്തി. എന്നാൽ, സർക്കാർ വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങുമെന്നാണ് വിവരം.
സോളാർ കേസിലെ ലൈംഗിക പീഡന ആരോപണങ്ങളിൽ മുൻ മന്ത്രി എ.പി. അനിൽകുമാറിനെ ലക്ഷ്യമിട്ട് അന്വേഷണം നീങ്ങുകയാണ്. ഇൗ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യു.ഡി.എഫിലെ ചില ഉന്നതരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ പദ്ധതികളും അണിയറയിൽ പുരോഗമിക്കുന്നതായാണ് വിവരം. വരും ദിവസങ്ങളിൽ ഇത്തരം പല കേസുകളും 'കുത്തിപ്പൊക്കും' എന്ന വിവരമാണ് സർക്കാർ ഏജൻസികളിൽനിന്നുൾപ്പെടെ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.