വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; അബ്ദുല്ലക്കുട്ടിക്കെതിരെ യൂത്ത് ലീഗ്
text_fieldsമലപ്പുറം: മലബാര്‍ സമരനേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ തീവ്രവാദിയോട് ഉപമിച്ച എ.പി അബ്ദുല്ലക്കുട്ടിക്ക് എതിരെ യൂത്ത് ലീഗ് പരാതി നൽകി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്.
അബ്‌ദുല്ലക്കുട്ടിയുടേത് വർഗീയ കലാപത്തിനുള്ള ശ്രമമെന്ന് പരാതിയിൽ പറയുന്നു. വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നുവെന്നും താലിബാനിസം കേരളത്തിലും ആവർത്തിക്കുമെന്നുമായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പരാമർശം.
"അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുന്നത്, സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു. വാരിയംകുന്നന് സ്മാരകമുണ്ടാക്കാന്‍ പോകുന്ന ടൂറിസം മന്ത്രിയും പിണറായിയുടെ മരുമകനുമായ റിയാസ് സഖാവിനോട് എനിക്ക് പറയാനുള്ളത് ഇ.എം.എസിന്‍റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂര്‍ണ ഗ്രന്ഥം വായിക്കണമെന്നാണ്. ഇ.എം.എസ് പറഞ്ഞത് മുസ്‍ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇ.എം.എസിന്‍റെ കുടുംബത്തിന് പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. അതെങ്കിലും സ്മാരകമുണ്ടാക്കുന്നവര്‍ മനസ്സിലാക്കണം"- അബ്ദുല്ലക്കുട്ടി പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസർച്ച് ശിപാർശ ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടർന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.