അംഗൻവാടി കെട്ടിടനിർമാണത്തിന് സൂനാമി ഫണ്ട്; കോടികൾ ചെലവഴിച്ചതിന് കണക്കില്ല
text_fieldsകൊല്ലം: സൂനാമി പുനരധിവാസ പദ്ധതി പ്രകാരം തദ്ദേശസ്ഥാപനങ്ങളിലെ അംഗൻവാടി കെട്ടിടങ്ങളുടെ നിർമാണത്തിന് അനുവദിച്ച കോടികൾ ചെലവഴിച്ചതിന് കണക്കില്ല. സാമൂഹികനീതി വകുപ്പിൽനിന്ന് 10.11 കോടി രൂപയാണ് അനുവദിച്ചത്. 9.87 കോടിയുടെ യൂനിറ്റ് തിരിച്ചുള്ള ചെലവ് വിവരമാണ് ലഭ്യമാകാനുള്ളത്. ഈ സാഹചര്യത്തിൽ സൂനാമി ഫണ്ട് വിതരണം സംബന്ധിച്ച കണക്കുകൾ തിട്ടപ്പെടുത്തി ഫണ്ട് വിതരണത്തിന്റെയും ചെലവഴിച്ചതിന്റെയും വിശദാംശങ്ങൾ കണ്ടെത്താൻ പ്രത്യേക ഓഡിറ്റ് ടീമിനെ നിയമിച്ചു. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് സാമൂഹികനീതി ഡയറക്ടറുടെ ഉത്തരവ്.
2006-2014 കാലയളവിൽ ഓരോ അംഗൻവാടിക്കും ചെലവഴിച്ച തുക സംബന്ധിച്ച വിവരം, ധന വിനിയോഗ സാക്ഷ്യപത്രം, തുക ഏതൊക്കെ പദ്ധതികൾക്കാണ് വിനിയോഗിച്ചത് തുടങ്ങിയവ പരിശോധിച്ചാണ് റിപ്പോർട്ട് നൽകേണ്ടത്. വിവിധ ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങൾക്കാണ് കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചത്. എന്നാൽ വിതരണം ചെയ്ത തുക, ഡി.ഡി നൽകിയ തീയതി എന്നിവ രജിസ്റ്ററിലോ ഫയലിലോ രേഖപ്പെടുത്തിയിട്ടില്ല. കമ്പ്യൂട്ടറിൽ തുക അനുവദിച്ചതിന്റെ പട്ടിക രജിസ്റ്ററിൽ പതിപ്പിച്ചിട്ടുമില്ല. ഇതോടെ ഫണ്ട് വിനിയോഗത്തിന്റെ കൃത്യമായ കണക്കുകൾ സൂനാമി സെല്ലിന് ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല.
ഫണ്ടിൽ 18.12 ലക്ഷം രൂപ ഡെബിറ്റിലും 11.56 ലക്ഷം രൂപ ക്രെഡിറ്റിലും അൺഗ്രൂപ് ആയി നിൽക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അൺഗ്രൂപ് തുക കൂടുതലുള്ളത് കൊല്ലം ജില്ലയിലാണ്. ഇതോടെയാണ് സൂനാമി ഫണ്ട് വിതരണം സംബന്ധിച്ച കണക്കുകൾ തിട്ടപ്പെടുത്താൻ പ്രത്യേക ഓഡിറ്റ് സംഘത്തെ നിയോഗിച്ചത്. വിവരങ്ങൾ ലഭ്യമായില്ലെങ്കിൽ എതുരീതിയിൽ വിവരശേഖരണം നടത്തണമെന്ന ശിപാർശ നൽകണമെന്നും സാമൂഹികനീതി ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.