സൂനാമി ഫ്ലാറ്റ് പ്രശ്നങ്ങൾ പരിഹരിക്കും
text_fieldsകൊല്ലം: സൂനാമി ഫ്ലാറ്റുകളിലെ അന്തേവാസികളുടെ പ്രശ്നങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന പരിഹരിക്കും. സൂനാമി ഫ്ലാറ്റുകളിലെയും കോളനികളിെലയും അന്തേവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുന്നതിന് തീരുമാനം. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച് പി.പി. ചിത്തരഞ്ജന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭ സമിതി യോഗത്തിലാണ് നിർദേശം അംഗീകരിച്ചത്.
ഒഴിവ് വരുന്ന ഫ്ലാറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും. അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. കുടിവെള്ള വിതരണം, അറ്റകുറ്റപ്പണികള്‍, മാലിന്യസംസ്കരണം എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കണം. തീരദേശ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ആലപ്പാട് ആരംഭിച്ച ഹോട്ട്സ്പോട്ട് നിര്‍മാണം മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്കി. ജില്ലയിലെ നിലവിലുള്ള ഹാര്‍ബറുകളില്‍ തൊഴിലാളികള്‍ക്കായുള്ള ലോക്കറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
മത്സ്യത്തൊഴിലാളികളുടെ പട്ടയ വിഷയത്തില്‍ പരിഹാരം തേടും. മത്സ്യത്തൊഴിലാളി മേഖലയിലെ വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്ന് 10 പരാതികളാണ് പരിഗണിച്ചത്. വകുപ്പ്തലങ്ങളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും സര്‍ക്കാറിന്റെ ശ്രദ്ധയിൽപെടുത്തുന്നതിനും നിർദേശിച്ചു. ഹരജികളില്‍ ബന്ധപ്പെട്ട ജില്ലതല ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുപ്പും നടത്തി.
സമിതി അംഗങ്ങളായ എം.എൽ.എമാരായ എം. നൗഷാദ്, കെ.ജെ. മാക്സി, എന്‍.എ. നെല്ലിക്കുന്ന്, സി.ആര്. മഹേഷ്, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി.എം ആര്. ബീനാ റാണി, എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.