'വാതിലിനടുത്ത് നിന്ന വിനോദിനെ പ്രതി പിന്നിൽ നിന്ന് തള്ളി'; പിഴയടക്കാൻ ആവശ്യപ്പെട്ടതിലുള്ള വിരോധം പ്രേരണയായി
text_fieldsതൃശൂർ: ഓടുന്ന ട്രെയിനിൽനിന്ന് ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം സമാനതകളില്ലാത്ത പൈശാചിക കൃത്യം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് സംഭവമെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആയിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികളാണ് ദിവസവും സംസ്ഥാനത്ത് ട്രെയിൻ യാത്രക്കാരായുള്ളത്. സുരക്ഷയില്ലെങ്കിൽ ഭയരഹിതമായി ജോലി ചെയ്യാനാകാതെവരുമെന്ന ആശങ്ക ഉദ്യോഗസ്ഥരും യാത്രക്കാരും പങ്കുവെക്കുന്നുണ്ട്.
വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ട്രെയിനിൽനിന്ന് തള്ളിയിടുകയായിരുന്നു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽനിന്ന് തള്ളിയിടുകയായിരുന്നു. പിഴയടക്കാൻ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും എഫ്.ഐ.ആറിൽ പറയുന്നു.
എറണാകുളം വരാപ്പുഴ മഞ്ഞുമ്മൽ സ്വദേശി കെ. വിനോദ് (45) എറണാകുളം സൗത്ത് സ്റ്റേഷനിലെ ടി.ടി.ഇയായിരുന്നു. എറണാകുളം -പട്‌ന ട്രെയിൻ ചൊവ്വാഴ്ച വൈകീട്ട് 7.30ഓടെ തൃശൂർ വെളപ്പായയിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ ട്രെയിനിൽനിന്ന് തള്ളിയിട്ടത്. സംഭവത്തിൽ പ്രതി ഒഡിഷ സ്വദേശി രജനീകാന്തിനെ പാലക്കാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എസ് 11 കോച്ചിൽ ടിക്കറ്റ് പരിശോധന നടത്തവേ വാതിലിന് സമീപം നിന്ന രജനീകാന്തിനോട് വിനോദ് ടിക്കറ്റ് ആവശ്യപ്പെട്ടു. റിസർവേഷൻ ടിക്കറ്റ് ഇല്ലെന്ന് കണ്ട് ചോദിച്ചപ്പോൾ പ്രകോപിതനായ രജനീകാന്ത് ചവിട്ടി തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം. സമീപത്തെ ട്രാക്കിലേക്ക് തലയടിച്ച് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയും ചെയ്തു. മൃതദേഹം പാദം അറ്റ് ഛിന്നഭിന്നമായ നിലയിലായിരുന്നു. ട്രെയിനിൽ യാത്ര തുടർന്ന പ്രതിയെ കോച്ചിലെ യാത്രക്കാര്‍ വിവരം കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് വെച്ചാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുന്നംകുളത്ത് ഹോട്ടലിൽ തൊഴിലാളിയാണെന്നാണ് വിവരം. തൃശൂരിൽനിന്നാണ് കയറിയത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ഇയാൾ യാത്രക്കാരോടും മോശമായി പെരുമാറിയതായി പറയുന്നു.
അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതികളായ പൈശാചിക ക്രൂരകൃത്യങ്ങളിൽ ഒടുവിലത്തെ സംഭവമാണ് വിനോദിന്റെ കൊലപാതകം. നായ കുരച്ചതിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് അന്തർ സംസ്ഥാന തൊഴിലാളികളുടെ മർദനമേറ്റ് ഹൈകോടതി ജഡ്ജി സതീശ് നൈനാന്റെ ഡ്രൈവർ വിനോദ് തിങ്കളാഴ്ചയാണ് എറണാകുളത്ത് മരിച്ചത്. വീട്ടുവളപ്പിൽനിന്ന് കുരച്ച നായ്ക്കു നേരെ ചെരിപ്പെറിഞ്ഞത് ചോദ്യംചെയ്തതാണ് മർദനത്തിന് കാരണം. നാലംഗ അന്തർ സംസ്ഥാന തൊഴിലാളി സംഘം വിനോദിനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. ഇന്നും മലയാളികളുടെ വിങ്ങുന്ന ഓർമയായ പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി സൗമ്യയും ആലുവയിലെ പിഞ്ചുകുഞ്ഞുമെല്ലാം ഈ അന്തർ സംസ്ഥാനക്കാരുടെ ഇരയായവരാണ്.
ലക്ഷക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. മിക്കവരും മാന്യമായി ജോലി ചെയ്ത് മികച്ച ജീവിതം കെട്ടിപ്പടുക്കാൻ അധ്വാനിക്കുമ്പോൾ ചെറുതല്ലാത്ത എണ്ണം ക്രിമിനലുകളും ഇവർക്കിടയിലുണ്ടെന്നത് ഇവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ ബാഹുല്യം വ്യക്തമാക്കുന്നു. പൈശാചിക കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അധികാരികൾ പലപ്പോഴും ഉണരാറുള്ളത്. അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കും, ബന്ധപ്പെട്ട നാട്ടിലെ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള രേഖ ഹാജരാക്കാൻ നിഷ്കർഷിക്കും എന്നെല്ലാമുള്ള പ്രഖ്യാപനങ്ങൾ പതിവാണ്. പക്ഷേ, ഒന്നും നടക്കാറില്ല. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം സ്വദേശത്തേക്ക് മുങ്ങുന്നവരെ കണ്ടെത്തുക പൊലീസിന് കടുത്ത വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.