കൊല്ലപ്പെട്ട ടി.ടി.ഇ വിനോദ് കണ്ണന്റെ മനം നിറയെ നാടകം, സിനിമ, മിമിക്രി... 40 സിനിമകളിൽ വേഷമിട്ടു...
text_fieldsടിക്കറ്റ് ചോദിച്ചതിന്റെ അമർഷത്തിൽ ട്രെയിനിൽനിന്ന് അന്തർസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ കെ. വിനോദ് കണ്ണന്റെ മനസ് നിറയെ കലാലോകത്തോടുള്ള അഭിനിവേശം മാത്രം. സ്കൂൾ തലം മുതലേ കലാപ്രവർത്തനളിൽ സജീവമായിരുന്നു വിനോദ്. നാടകമായിരുന്നു ഇഷ്ട ഇനം. പിന്നെ മിമിക്രി. രണ്ടിലും കൈനിറയെ സമ്മാനങ്ങൾ അയാൾ സ്വന്തമാക്കി.
എന്നാൽ, ജീവിത വഴിയിൽ തൊഴിലായത് റെയിൽവേയിൽ ഉദ്യോഗസ്ഥനായി. എന്നാൽ, ഒരിക്കലും തെൻറ കലാമോഹം കൈവെടിഞ്ഞില്ല. അതാണ് സിനിമയിലേക്ക് വഴിതുറന്നത്. സിനിമയിൽ അവസരങ്ങൾ തേടിപോയവരുടെ കൂട്ടത്തിൽ സംവിധായകൻ ആഷിഖ് അബുവുമുണ്ടായിരുന്നു. ആഷിഖ് വിനോദിെൻറ സഹപാഠികൂടിയാണ്. എറണാകുളം എസ്.ആർ.വി സ്കൂളിൽ എട്ടു മുതൽ പത്താം ക്ലാസുവരെ അവർ ഒരുമിച്ചാണ് പഠിച്ചത്.
അങ്ങനെ ആഷിഖ് അബുവിന്റെ ചിത്രത്തിലൂടെ തന്നെ വിനോദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രം ഗ്യാങ്സ്റ്റർ, അതിൽ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായിട്ടാണ് അഭിനയിച്ചത്. തുടർന്ന്, തുടരെ ചിത്രങ്ങൾ ലഭിച്ചു. വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, രാജമ്മയോഹു, പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, കസിൻസ്,വിക്രമാദിത്യൻ, പുലിമുരുകൻ, ലൗ 24x7, ഒപ്പം എന്നിങ്ങനെ പോകുന്നു ചിത്രങ്ങൾ. 40 ചിത്രങ്ങളിൽ വേഷമിട്ടു.
ചെറിയ വേഷങ്ങളാണെങ്കിലും വിനോദിന് പരിഭവങ്ങളില്ല. കിട്ടിയ വേഷങ്ങൾ ഗംഭീരമാക്കുക അതുമാത്രമേ അയാൾക്ക് മുന്നിലുള്ളൂ. എങ്കിലും തനിക്കുള്ള ഊഴം വരാനിരിക്കുന്നതേയുള്ളൂവെന്ന് വിനോദ് ഏവരോടും പറയുമായിരുന്നു. കലാലോകത്തെ നിറമാർന്ന സ്വപ്നങ്ങൾ ബാക്കിവെച്ചാണ് വിനോദ് യാത്രയായത്. ഇക്കഴിഞ്ഞ ജനുവരി 28-നായിരുന്നു വിനോദിെൻറ പുതിയ വീടിന്റെ പാലുകാച്ചൽ.
എറണാകുളം -പട്‌ന ട്രെയിൻ ഇന്നലെ വൈകീട്ട് 7.30ഓടെ തൃശൂർ വെളപ്പായയിലെത്തിയപ്പോഴാണ് വിനോദിനെ ട്രെയിനിൽനിന്ന് തള്ളിയിട്ടത്. സംഭവത്തിൽ പ്രതി ഒഡിഷ സ്വദേശി രജനീകാന്തിനെ പാലക്കാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ് 11 കോച്ചിൽ ടിക്കറ്റ് പരിശോധന നടത്തവേ വാതിലിന് സമീപം നിന്ന രജനീകാന്തിനോട് വിനോദ് ടിക്കറ്റ് ആവശ്യപ്പെട്ടു. റിസർവേഷൻ ടിക്കറ്റ് ഇല്ലെന്ന് കണ്ട് ചോദിച്ചപ്പോൾ പ്രകോപിതനായ രജനീകാന്ത് ചവിട്ടി തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം. സമീപത്തെ ട്രാക്കിലേക്ക് തലയടിച്ച് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയും ചെയ്തു. മൃതദേഹം പാദം അറ്റ് ഛിന്നഭിന്നമായ നിലയിലായിരുന്നു. ട്രെയിനിൽ യാത്ര തുടർന്ന പ്രതിയെ കോച്ചിലെ യാത്രക്കാര്‍ വിവരം കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് വെച്ചാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.