തുരങ്കപ്പാത സാധ്യമായില്ല വഴി കൊട്ടിയടച്ച് റെയിൽവേ
text_fieldsപുതുനഗരം: തുരങ്കപ്പാത സാധ്യമായില്ല, പഞ്ചായത്ത് റോഡ് റെയിൽവേ കൊട്ടിയടച്ചു. പുതുനഗരം എം.എച്ച്.എസ് ഹയർ സെക്കൻഡറി സ്കൂളിന് പിന്നിലൂടെ പോകുന്ന പാലക്കാട് -പൊള്ളാച്ചി റെയിൽവേ ലൈനിന് കുറുകെയുള്ള കട്ടയൻ തെരുവ്-ഹൈസ്കൂൾ റോഡാണ് റെയിൽവേ അടച്ചത്. വിദ്യാർഥികൾ ട്രാക്ക് മുറിച്ച് കടക്കുന്നതിനാൽ അപകടങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് റെയിൽവേ അധികൃതർ ഇരുമ്പുപാളങ്ങൾ ഉപയോഗിച്ച് റോഡ് അടച്ചിട്ടത്.
റെയിൽവേ അടിപ്പാത നിർമാണത്തിന് രമ്യ ഹരിദാസ് എം.പിയുടെ ഫണ്ടിൽനിന്ന് 80 ലക്ഷത്തിലധികം രൂപ വകയിരുത്തിയെങ്കിലും തുരങ്കപാത നിർമാണത്തിന് സ്ഥലം അനുയോജ്യമല്ലാത്തതിനാൽ പദ്ധതി നടപ്പായില്ല. തുരങ്കപാതക്ക് സ്ഥലമില്ലാത്തതിനാൽ മേൽപ്പാലമെങ്കിലും നിർമിക്കമെന്ന രക്ഷിതാക്കളുടെ ആവശ്യവും നടപ്പായില്ല. കട്ടയൻ തെരുവിൽ നിന്നും മുസ്ലീം ഹൈസ്കൂളിലേക്കുള്ള റോഡിനിടയിലുള്ള റെയിൽവേ ട്രക്ക് കടന്ന് ദിനംപ്രതി ആയിരത്തിലധികം വിദ്യാർഥികളും നാട്ടുകാരുമാണ് പോകുന്നത്.
മേൽപാലം നിർമിക്കാൻ റെയിൽവേക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയായില്ലെന്ന് പഞ്ചായത്ത് സ്ഥിരംസമിതി അംഗം എ.വി. ജലീൽ പറഞ്ഞു. കടയൻ, കാട്ടു തെരുവ്, പെരുന്തേനി തെരുവ്, തെക്കേ തെരുവ്, ഉന്നൻ ചാത്തൻ തെരുവ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാമാണ് വിദ്യാർഥികൾ ട്രാക്ക് കടന്ന് വിദ്യാലയത്തിലെത്തുന്നത്.
വൈദ്യുതീകരിച്ച ലൈനിലൂടെ ട്രെയിനുകൾ അതിവേഗം പോകുന്നതിനാൽ അപകട സാഹചര്യം കണക്കിലെടുത്ത് ട്രാക്ക് മുറിച്ചുകടക്കരുതെന്നായിരുന്നു അധികൃതർ അറിയിച്ചത്. ഇതിന്റെ ഭാമായി മുസ്ലീം ഹൈസ്ക്കൂളിൽ ആർ.പി.എഫ് അധികൃതർ ബോധവത്കരണ യോഗങ്ങളും നടത്തിയിരുന്നു. ട്രാക്കിനു കുറുകെ അടിപ്പാത സാധ്യമായില്ലെങ്കിൽ മേൽപാലമെങ്കിലും നിർമിക്കണമെന്ന് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.