സിൽക്യാരയിൽ യന്ത്രസഹായമില്ലാതെ തുരക്കൽ തുടങ്ങി; അവശേഷിക്കുന്നത് 12 മീറ്റർ ദൂരം
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാര തുരങ്കം തകർന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി രക്ഷാപ്രവർത്തനം തുടരുന്നു. തുരക്കൽ നടത്തിയിരുന്ന ഓഗർ മെഷീൻ തകർന്നതോടെ യന്ത്രസഹായമില്ലാതെ തുരന്ന് തൊഴിലാളികൾക്കടുത്തെത്താനാണ് നീക്കം. ഇതിനായി വൈദഗ്ധ്യമുള്ള ആറ് ഖനി തൊഴിലാളികളെയാണ് യു.പിയിലെ ഝാൻസിയിൽ നിന്ന് സിൽക്യാരയിലെത്തിച്ചത്. തുരങ്കം തകർന്നുള്ള അവശിഷ്ടങ്ങൾക്കിടയിലൂടെ 12 മീറ്ററോളമാണ് ഇനി തുരക്കാൻ അവശേഷിക്കുന്നത്. രക്ഷാപ്രവർത്തനം 17ാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്.
ആറ് തൊഴിലാളികൾ ചേർന്ന് തിങ്കളാഴ്ച വൈകീട്ട് രണ്ട് മണിക്കൂർ കൊണ്ട് ഒരു മീറ്റർ ദൂരം തുരന്നിട്ടുണ്ട്. ഇങ്ങനെ തുരക്കുന്ന ഭാഗത്തേക്ക് വ്യാസമേറിയ പൈപ്പ് നീക്കും. ഇതുവഴിയാണ് തൊഴിലാളികളെ പുറത്തെത്തിക്കാൻ ഉദ്ദേശിക്കുന്നത്.
അതേസമയം, മുകളിൽ നിന്ന് യന്ത്രസഹായത്തോടെ താഴേക്ക് തുരക്കുന്ന പ്രവൃത്തിയും തുടരുകയാണ്. 86 മീറ്ററാണ് മലമുകളിൽ നിന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നിടത്തേക്കുള്ള ദൂരം. ഇതിൽ 36 മീറ്റർ തുരന്ന് പൂർത്തിയാക്കിയിട്ടുണ്ട്. ഈ പ്രവൃത്തിയാണ് ആദ്യം പൂർത്തിയാകുന്നതെങ്കിൽ തൊഴിലാളികളെ ഇതുവഴി ഒന്നിന് പിറകെ ഒന്നായി ഉയർത്തിയെടുക്കാനാണ് പദ്ധതി.
ഓഗർ മെഷീൻ തകർന്നതിനിടെ തുടർന്ന് മൂന്നുദിവസമായി മുടങ്ങിയ രക്ഷാപ്രവർത്തനം ഇന്നലെയാണ് വീണ്ടും തുടങ്ങാനായത്. അകത്ത് കുടുങ്ങിയ ഓഗർ മെഷീന്റെ സ്പൈറൽ ബ്ലേഡുകളും ഇടിഞ്ഞുവീണ ലോഹഭാഗങ്ങളും ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റി പുറത്തെത്തിക്കുകയായിരുന്നു. ബ്ലേഡുകൾ കുടുങ്ങിയും ലോഹഭാഗങ്ങളിലുരഞ്ഞും കേടുപറ്റിയതിനാൽ കുഴൽപാതക്കായി ആദ്യം കയറ്റിയ ഇരുമ്പുകുഴലിന്റെ രണ്ട് മീറ്ററിലധികം മുറിച്ചുമാറ്റിയിട്ടുണ്ട്. അത്രയും കൂടി പുതുതായി കുഴൽ കയറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.