ഇടത്തോട്ടുതിരിഞ്ഞ് വലത്തോട്ട് ചാഞ്ഞ്
text_fieldsകണ്ണൂർ: തുടർച്ചയായ രണ്ടുതവണയായി ഇടതുപക്ഷം നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ കണ്ണൂർ മണ്ഡലത്തിൽ യു.ഡി.എഫിന് കാര്യമായ സ്വാധീനമുണ്ട്. മണ്ഡലത്തിന്റെ സിംഹഭാഗവും ഉൾപ്പെടുന്ന കണ്ണൂർ കോർപറേഷൻ ഭരണം യു.ഡി.എഫിനൊപ്പവും മുണ്ടേരി പഞ്ചായത്ത് എൽ.ഡി.എഫിനൊപ്പവുമാണ്. 2016ലും 2021ലും രണ്ടായിരത്തിൽ താഴെ വോട്ടുകൾക്കാണ് രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചത്.
എന്നാൽ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ. സുധാകരന് 23,423 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ ലഭിച്ചത്. 2014ൽ എൽ.ഡി.എഫിലെ പി.കെ. ശ്രീമതി കണ്ണൂരിൽനിന്ന് എം.പി ആയപ്പോഴും നിയമസഭ മണ്ഡലത്തിൽ 8,051 വോട്ടുകൾ അധികം നൽകി സുധാകരനൊപ്പം നിന്നു. രണ്ട് തവണയായി രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിയെന്ന നിലയിൽ നടത്തിയ ഇടപെടലുകൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
കണ്ണൂരിൽ മുസ്ലിം ലീഗിനും കോൺഗ്രസിനും സി.പി.എമ്മിനും ശക്തികേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് മണ്ഡലത്തിൽനിന്ന് പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. അതേസമയം, മലയോരത്തെ യു.ഡി.എഫ് കുത്തകവോട്ടുകൾക്ക് ബദലായി കണ്ണൂരിൽനിന്ന് പരമാവധി വോട്ട് സമാഹരിക്കലാവും എൽ.ഡി.എഫ് ലക്ഷ്യം.
സിറ്റിങ് സീറ്റ് നിലനിർത്താൻ സുധാകരൻ ശ്രമിക്കുമ്പോൾ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ തന്നെയിറക്കി പരമാവധി വോട്ടുപെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. കോൺഗ്രസിൽനിന്ന് പിണങ്ങി ബി.ജെ.പി പാളയത്തിലെത്തിയ സി. രഘുനാഥ് എൻ.ഡി.എ സ്ഥാനാർഥിയായി പ്രചാരണത്തിൽ സജീവമാണ്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി നിരന്തരം കൊമ്പുകോർക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുന്ന കണ്ണൂർ മണ്ഡലം ഏതുവിധേനയും നിലനിർത്തുകയെന്നതാണ് യു.ഡി.എഫ് തന്ത്രം. ഇതോടെ സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന പ്രധാനമണ്ഡലങ്ങളിലൊന്നായി കണ്ണൂർ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.