രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാന സ്ഥിതി -തുഷാർ ഗാന്ധി
text_fieldsകോഴിക്കോട്: രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ബ്രിട്ടീഷുകാരുടെ ഭരണം എത്രയോ ഭേദമായിരുന്നുവെന്ന് പറഞ്ഞുപോകുമെന്ന് മഹാത്മ ഗാന്ധിയുടെ പ്രപൗത്രനും ഗ്രന്ഥകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ തുഷാർ ഗാന്ധി. ഗാന്ധി പീസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കേളപ്പൻ സ്മാരക പ്രഭാഷണത്തിന് കോഴിക്കോട്ടെത്തിയ അദ്ദേഹം കാലിക്കറ്റ് പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
വെറുപ്പും വിദ്വേഷവും വളരെ സാധാരണ സംഭവമായി മാറിയതാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത്. രാജ്യം വലിയൊരു വിപത്തിലാണെന്ന് തിരിച്ചറിയുകയാണ് ഇതിൽനിന്ന് പുറത്തുകടക്കാനുള്ള ആദ്യപടി. അതിന് സമാന കാഴ്ചപ്പാടുള്ള രാഷ്ട്രീയ പാർട്ടികളും മനുഷ്യരും ഒറ്റക്കെട്ടായി അണിനിരക്കണം.
വോട്ട് ചെയ്യാനുള്ള അവകാശം മാത്രമായി ജനാധിപത്യം ചുരുങ്ങിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവരിൽ അവിശ്വാസമുണ്ടായാൽ അത് രേഖപ്പെടുത്താനോ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനോ വോട്ടർമാർക്ക് ഒരവകാശവുമില്ല. 99 ശതമാനം വോട്ടും നോട്ടക്ക് ലഭിച്ചാലും ഒരു ശതമാനം വോട്ടു കിട്ടിയവർ ജയിക്കുന്ന ജനാധിപത്യമേ നമുക്കുള്ളൂ. ജനാധിപത്യത്തിന്റെ പേരിൽ ഏകാധിപത്യമാണ് രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നതെന്നും നീതി ബുൾഡോസറുകളാൽ അട്ടിമറിക്കപ്പെടുന്നുവെന്നും തുഷാർ ഗാന്ധി പറഞ്ഞു.
മിഥ്യാസങ്കൽപങ്ങളുടെ ലോകത്തിലാണ് ഇന്ത്യയിലെ ജനങ്ങൾ ജീവിക്കുന്നത്, യാഥാർഥ്യങ്ങളുടെ ലോകത്തിലല്ല. ഇതിന് മാറ്റം വരണമെങ്കിൽ ആദ്യം രാജ്യത്തിന്റെ അവസ്ഥ എത്രമാത്രം മോശമാണെന്ന് അംഗീകരിക്കാനുള്ള മനസ്സാണ് വേണ്ടത്.
അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി കൈകോർത്തപ്പോഴാണ് ഇന്ദിര ഗാന്ധിയെ അടിയറവു പറയിക്കാനായത്. അടിയന്തരാവസ്ഥക്ക് സമാനമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് വലിയ ഉത്തരവാദിത്തം നിർവഹിക്കാനുണ്ട്. രാഷ്ട്രീയ ഐക്യം സൃഷ്ടിക്കുക എന്നതാണ് പ്രധാനം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര മികച്ചൊരു നീക്കമാണ്. പക്ഷേ, കോൺഗ്രസിന് മാത്രമായി ഒന്നും ചെയ്യാനാവില്ല. സമാന കാഴ്ചപ്പാടുള്ള പാർട്ടികൾ ഒത്തുചേർന്ന് നിൽക്കേണ്ട സന്ദർഭമാണിത്. ദൗർഭാഗ്യവശാൽ കേരളത്തിൽ ഭാരത് ജോഡോ യാത്രയെ ഇടതുപക്ഷം പ്രതിപക്ഷത്തിന്റെ പരിപാടിയായാണ് കണ്ടത്. കോൺഗ്രസാകട്ടെ, ഭരണപക്ഷത്തെ ആക്രമിക്കാനുള്ള അവസരമായാണ് യാത്രയെ വിനിയോഗിച്ചത്. തനിക്ക് വിശ്വാസം നഷ്ടപ്പെടാത്തതായി ഇന്ത്യയിൽ ഭരണഘടന മാത്രമേയുള്ളൂവെന്നും തുഷാർ ഗാന്ധി പറഞ്ഞു.
കോഴിക്കോട് ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹത്തിൽ ശനിയാഴ്ച വൈകീട്ട് നാലിനാണ് കേളപ്പൻ സ്മാരക പ്രഭാഷണം. പ്രമുഖ ഗാന്ധിയൻ ഡോ. എം.പി. മത്തായി കേളപ്പൻ അനുസ്മരണ പ്രഭാഷണം നടത്തും. ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിഡന്റ് ടി. ബാലകൃഷ്ണൻ, സെക്രട്ടറി യു. രാമചന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.