പാലായിൽ ബി.ജെ.പിയുടെ വോട്ട് കച്ചവടത്തിന് ഞങ്ങൾ ഉത്തരവാദിയല്ല: തുഷാർ വെള്ളാപ്പള്ളി
text_fieldsകോഴിക്കോട്: പാലായിൽ ബി.ജെ.പി വോട്ട് കച്ചവടം നടത്തിയതിന് ബി.ഡി.ജെ.എസ് ഉത്തരവാദിയാകില്ലെന്ന് ബി.ഡി.ജെ.എസ് ദേശീയ അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ല കമ്മറ്റിയുടെ സ്വീകരണവും പ്രവർത്തന കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറാണ് വോട്ട് വിറ്റത്.
പാലായിൽ പ്രചാരണത്തിന് നേരിട്ട് പോയിട്ടും എൻ.ഡി.എ സ്ഥാനാർത്ഥി വിളിച്ച് സംസാരിച്ച് പോലുമില്ല. ഇലക്ഷൻ കമ്മറ്റി യോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുക്കാത്തതിന് ഉത്തരവാദി ബി.ഡി.ജെ.എസ് അല്ല. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി അഭിപ്രായം പറഞ്ഞതിനാൽ വോട്ട് പോയി എന്ന് പറയുന്നതിനൊന്നും കാര്യമില്ല. എസ്.എൻ.ഡി.പി സമുദായ സംഘടനയാണ്. എൻ.എസ്.എസും എസ്.എൻ.ഡിപിയും നിലപാടുകൾ പറയുന്നത് ഏതെങ്കിലും പാർട്ടിക്ക് പോയി വോട്ട് ചെയ്യാൻ പറയുന്നതായി കാണരുത്.
നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് ശതമാനം ആറിൽ നിന്ന് 16 ആക്കിയത് ബി.ഡി.ജെ.എസ് ആണ്. എൻ.ഡി.എ ശക്തിപ്പെടുത്തേണ്ട ബി.ജെ.പി സംസ്ഥാന നേതൃത്വം അതിന് തയ്യാറാകാത്തതാണ് കുഴപ്പം. എൻ.ഡി.എയുടെ സംഘടനാ സംവിധാനം ശക്തമല്ല. എൻ.ഡി.എ ബൂത്ത് തലം മുതൽ കമ്മറ്റികൾ ഉണ്ടാക്കി പ്രവർത്തിക്കണം. ഇതിന് മുൻകൈയ്യെടുക്കേണ്ട സംസ്ഥാന ബി.ജെ.പി അത് ചെയ്യാതിരുന്നാൽ വരുന്ന കുറ്റങ്ങൾക്കും കുഴപ്പങ്ങൾക്കും ഉത്തരവാദിയാരെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വത്തെ അറിയിക്കുക തന്നെ ചെയ്യും. കേരളത്തിലല്ല കേന്ദ്രനേതൃത്വവുമായാണ് ബന്ധം ഉണ്ടാക്കിയത്. എൻ.ഡി.എയിൽ തന്നെ ഉറച്ച് നിന്ന് പ്രവർത്തിക്കും. ഗൾഫിൽ തനിക്കെതിരായ കേസിൽ നിന്ന് രക്ഷപ്പെടാൻ കാരണം ഗുരുദേവെൻറ അനുഗ്രഹമാണെന്നും കേസ് കൊടുത്ത ആൾക്കെതിരെ താൻ കേസ് കൊടുത്താൽ അയാൾ 15 വർഷം അകത്താകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻറ് ഗിരി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. മഞ്ചേരി രാജൻ, ജില്ല വൈസ് പ്രസിഡൻറുമാരായ പി.എം. രവീന്ദ്രൻ, സുനിൽകുമാർ പുത്തൂർമഠം, പി.സി. അശോകൻ, ജില്ല സെക്രട്ടറിമാരായ സുകുമാരൻ നായർ, ഹരിദാസൻ പേരാമ്പ്ര, ജില്ല ജോ. സെക്രട്ടറിമാരായ ടി.പി. ബാബു, ഉണ്ണി കരിപ്പാലി, ബി.ഡി.വൈ.എസ് ജില്ല പ്രസിഡൻറ് ജയേഷ് വടകര, ബി.ഡി.എം.എസ് ജില്ല പ്രസിഡന്റ രാധാരാജൻ സതീഷ് കുറ്റിയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.