ട്വന്റി 20 സ്തുതിപാഠകർക്ക് സ്വാഗതം, അല്ലാത്തവർ മിണ്ടണ്ട!
text_fieldsതദ്ദേശ ഫലം വന്നപ്പോൾ ഏവരെയും അമ്പരപ്പിച്ചതാണ് എറണാകുളം ജില്ലയിലെ ചില പഞ്ചായത്തുകളിൽ ട്വൻറി 20 കൂട്ടായ്മ കൈവരിച്ച വൻ വിജയം. കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകൾ പിടിച്ചെടുക്കുകയും വെങ്ങോലയിൽ പ്രബല സാന്നിധ്യമായി മാറുകയും ചെയ്തത് ദേശീയതലത്തിൽ തന്നെ വാർത്തയായി. വികസന മാതൃകയുടെ വിജയമെന്ന് ട്വൻറി 20 അവകാശപ്പെടുേമ്പാൾ വ്യവസായികൾ രാഷ്ട്രീയ രംഗം കൈയടക്കുന്ന അപകടകരമായ പ്രവണതയാണിതെന്ന ആശങ്കയും മറുവശത്തുയരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രത്യക്ഷ പിന്തുണയില്ലാതെ വിജയിച്ചതെങ്ങനെ? കൂട്ടായ്മയുടെ സംഘാടകരും എതിർക്കുന്നവരും ഉയർത്തുന്ന വാദങ്ങളുടെ യാഥാർഥ്യമെന്ത്? കിഴക്കമ്പലത്ത് നടക്കുന്നതെന്തെന്ന് 'മാധ്യമം' അന്വേഷിക്കുന്നു.
നിത്യോപയോഗ സാധനവില കുതിച്ചുയരുന്ന കാലത്ത് റീട്ടെയിൽ മേഖലയിലെ വമ്പന്മാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുേമ്പാൾ ഇക്കാലമത്രയും പണത്തിനും പറ്റിനും സാധനങ്ങൾ വാങ്ങിയ വീട്ടുമുറ്റത്തെ പലചരക്ക് കടകളുപേക്ഷിച്ച് ആളുകൾ മാളുകളിലേക്ക് പായുന്നത് സാധാരണമാണ്. ട്വൻറി 20 ആളെപ്പിടിച്ചതും ഇതുപോലൊരു രീതിയിലാണ്. അവർ സ്ഥാപിച്ച ഭക്ഷ്യസുരക്ഷ മാർക്കറ്റിൽ പകുതിയിലും കുറഞ്ഞ വിലയിൽ നാട്ടുകാർക്ക് വീട്ടുസാധനങ്ങൾ ലഭ്യമാണ്. അരി മുതൽ മീനും പാലും വരെ കുറഞ്ഞ വിലയിൽ കിട്ടും. ഇതിനായി ഏർപ്പെടുത്തിയതാണ് ട്വൻറി 20 കാർഡ്. എന്നാൽ ആ കാർഡ് വെറുമൊരു ആനുകൂല്യ സ്വീകരണോപാധി മാത്രമായിരുന്നില്ലെന്നാണ് അനുഭവമെന്ന് രാഷ്ട്രീയ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഈ കാർഡുള്ള കുടുംബാംഗങ്ങൾ ട്വൻറി 20യുടെ കുടുംബാംഗങ്ങളാണെന്നാണ് കോഓഡിനേറ്റർ സാബു ജേക്കബ് പറയുന്നത്.
എന്നാൽ, അടിമകളെ പോലെയാണെന്ന് രാഷ്ട്രീയക്കാർ പരസ്യമായും കാർഡുടമകൾ രഹസ്യമായും പറയുന്നു. പരസ്യമായി എതിർക്കുന്നവരുടെ ആനുകൂല്യം അടുത്തനിമിഷം ഇല്ലാതാവും. ഈ കാർഡ് ഉടമകളും കുടുംബവും ട്വൻറി 20 പറയുന്നതെല്ലാം ചെയ്യണമെന്നതാണ് അലിഖിത നിയമം. അവർ വിളിക്കുന്നിടത്ത് പോകണം, പറയുന്നത് ചെയ്യണം, അവർക്കിഷ്ടമില്ലാത്ത എതിർപാർട്ടിക്കാരോട് സംസാരിക്കുക പോലുമരുത്. ഇങ്ങനെപോകുന്നു കാര്യങ്ങൾ. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും വജ്രായുധം ഈ കാർഡായിരുന്നുവെന്ന് കോൺഗ്രസുകാരും സി.പി.എമ്മുകാരും ഒരുപോലെ പറയുന്നു. കാർഡുള്ളവർ ട്വൻറി20ക്ക് വോട്ടുചെയ്യണം. എന്നാലേ അടുത്ത വർഷങ്ങളിൽ ഭക്ഷ്യസാധനങ്ങൾ കുറഞ്ഞ വിലക്ക് കിട്ടൂവെന്നാണ് പ്രലോഭനം. ആർക്കാണ് വോട്ടു ചെയ്യുന്നതെന്ന് അറിയാനുള്ള സംവിധാനംവരെ സജ്ജമാക്കിവെച്ചിട്ടുണ്ടെന്നാണ് സംഘാടകർ നാട്ടുകാരോട് പറഞ്ഞത്.
വീട്ടമ്മമാരാണ് സംഘടനയെ മുഖ്യമായും പിന്തുണക്കുന്നത്. വീട്ടിലെ ഭക്ഷ്യസാധനങ്ങളുടെ അളവു കുറയുമ്പോൾ നെഞ്ചിടിക്കുന്നത് അവർക്കാണല്ലോ. സാധനങ്ങൾ വേണ്ടുവോളമുള്ളപ്പോൾ സന്തോഷിക്കുന്നതും അവർതന്നെ. ഭക്ഷ്യസുരക്ഷ മാർക്കറ്റിലൂടെ വോട്ടുകൾ സുരക്ഷിതമാക്കുകയായിരുന്നു ട്വൻറി 20. എതിർത്ത് വോട്ടു ചെയ്യാനാഗ്രഹമുണ്ടെങ്കിൽ പോലും നിലവിൽ കിട്ടുന്ന ആനുകൂല്യം ഇല്ലാതാവുമെന്ന ആശങ്കയിൽ ട്വൻറി20ക്കു തന്നെ കുത്തിയ കുറെ പേർ ഉണ്ട്. വീട്ടുകാരുടെ സമ്മർദത്താൽ രാഷ്ട്രീയ നിലപാട് മാറ്റിവെച്ച് പിന്തുണ നൽകിയ ചെറുപ്പക്കാരുമുണ്ട്. പേരു വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രതികരണങ്ങൾക്ക് ആളുകൾ തയാറാവുന്നില്ല എന്നതിൽതന്നെ സ്ഥിതി വ്യക്തം.
എല്ലാവരുടെയും ഉത്കണ്ഠയും വിഷയവും ഒന്നുതന്നെ; കാർഡ് നഷ്ടപ്പെടുമോയെന്ന്. മറ്റാരെങ്കിലും തരുമോ ഇതുപോലെ കുറഞ്ഞ വിലക്ക് വീട്ടിലേക്കുള്ള സാധനങ്ങൾ എന്നാണ് ചോദ്യം. ആനുകൂല്യം വേെണ്ടന്ന് പറയുന്ന ന്യൂനപക്ഷവും ഇതിനെ എതിർക്കുന്ന ഭൂരിപക്ഷവും ചേരുന്നതാണ് ഇവിടത്തെ ചില വീടുകളെങ്കിലും. അയൽപഞ്ചായത്തുകളിലേക്കും ഈ വിധേയത്വവും താൽപര്യങ്ങളും പടർന്നിരിക്കുന്നു. ട്വൻറി 20യുടെ വമ്പിച്ച വിജയത്തിനു പിന്നിലും മറ്റൊന്നല്ലെന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ ഇതിനകം വിലയിരുത്തിക്കഴിഞ്ഞു.
ഒരുനാട്ടിലെന്താണ് രണ്ടുനീതി
കിഴക്കമ്പലത്തിനു പിന്നാലെ അയൽപഞ്ചായത്തുകാരും ഇതേ വഴിയിൽ പോയതിനു പിന്നിലും ഈ കാർഡിന്റെ കാന്തികശക്തിയാണ്. എന്നാൽ, ഒരു തദ്ദേശ സ്ഥാപനത്തെ നിയന്ത്രിക്കുന്ന ഒരു സംവിധാനത്തിൽനിന്നുള്ള ആനുകൂല്യം നാട്ടുകാർക്കെല്ലാം കക്ഷിരാഷ്ട്രീയ ഭേദെമന്യേ എത്തിക്കുന്നതിനു പകരം അവരെ പിന്തുണക്കുകയും പിന്നാലെ നടക്കുകയും ചെയ്യുന്ന ഒരു കൂട്ടത്തിനു മാത്രം ലഭ്യമാക്കുന്നതിെല നീതികേടാണ് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിൻസ് ടി.മുസ്തഫ ചൂണ്ടിക്കാണിക്കുന്നത്.
സി.എസ്.ആർ ഫണ്ടിന് ഒരു മാനദണ്ഡവും പാടില്ലെന്നും ഇതിൽ ഒരു തരംതിരിവും പാടില്ലെന്നും റേഷൻകാർഡ് അടിസ്ഥാനത്തിൽ നൽകേണ്ടതല്ലേയെന്നും കോൺഗ്രസ് നേതാവ് എം.പി രാജനും പറയുന്നു.
തെരഞ്ഞെടുപ്പ് ദിനത്തിന് തൊട്ടുമുമ്പുപോലും തെരഞ്ഞെടുപ്പ്, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്ത്രീകൾക്ക് പ്രത്യേക ആനുകൂല്യ കാർഡുകൾ നൽകിയിരുന്നു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിയും ഉണ്ട്.
മാധ്യമപ്രവർത്തകർക്ക് സംഭവിച്ചത്
അഞ്ചു രൂപക്ക് പാലും 45 രൂപക്ക് വെളിച്ചെണ്ണയും മൂന്നു രൂപക്ക് മുട്ടപഫ്സും നൽകുന്ന ട്വൻറി 20യുടെ ഭക്ഷ്യസുരക്ഷ മാർക്കറ്റിനെ പ്രശംസിച്ച് എത്രവേണമെങ്കിലും വിഡിയോകൾ സമൂഹ മാധ്യമങ്ങളിലുണ്ട്. എന്നാൽ, കിഴക്കമ്പലം മോഡലിനെ വിമർശിക്കുന്ന വാർത്തകൾ അത്ര സാധാരണമല്ല . ട്വൻറി20യുടെ വികസന മോഡലിനെക്കുറിച്ച് വിമർശിക്കാൻ ഇല്ലാത്തതുകൊണ്ടാണെന്നു കരുതിയാൽ തെറ്റി. തങ്ങൾക്കെതിരെ അഭിപ്രായപ്രകടനങ്ങളോ വാർത്തകളോ വരുമോ എന്ന നേരിയ സംശയം തോന്നിയാൽ പോലും തടയിടാനുള്ള കൈയൂക്ക് കാണിക്കുന്ന സ്ഥിതി ഇവിടെയുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടിയുടേത് അല്ലാത്ത ഒരു ഭരണസമിതി ആദ്യമായി അധികാരത്തില്‍ വന്ന പഞ്ചായത്ത് എന്ന രീതിയിൽ കിഴക്കമ്പലത്തിന്റെ അഞ്ചു വർഷങ്ങളെക്കുറിച്ച് വാർത്ത ചെയ്യാൻ പോയതാണ് സ്വതന്ത്ര മാധ്യമ സ്ഥാപനമായ ഏഷ്യാവില്‍ മള്‍ട്ടിമീഡിയ പ്രൊഡ്യൂസര്‍ റിയ മാത്യു, കാമറമാൻ രാഹുൽ ഹരി എന്നിവർ. കൂട്ടായ്മ കോഓഡിനേറ്റർ സാബു ജേക്കബിനെ അഭിമുഖം ചെയ്തശേഷം പഞ്ചായത്ത് ഓഫിസിലെത്തി. നാലു വർഷം പഞ്ചായത്ത് ഭരണസമിതിയിൽ പ്രവർത്തിച്ചശേഷം ട്വൻറി20യിൽ നിന്ന് രാജിവെച്ച അംഗത്തെ കണ്ട് സംസാരിച്ചിറങ്ങവെ കാത്തുനിന്നത് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലെ അക്രമിക്കൂട്ടമായിരുന്നു.
കേട്ടാലറക്കുന്ന തെറിവിളിയുടെയും ഭീഷണിയുടെയും അകമ്പടിയോടെ അവർ മർദനവും തുടങ്ങി. ഷൂട്ട് ചെയ്ത ദൃശ്യങ്ങളെല്ലാം ബലം പ്രയോഗിച്ച് ഡിലീറ്റ് ചെയ്യിക്കുവാനും അവർ മുതിർന്നു. സംഘടനയിൽനിന്ന് വിട്ട അംഗവുമായി സംസാരിച്ചതിനാൽ പഞ്ചായത്ത് ഭരണത്തിനെതിരായ വിവരങ്ങൾ വാർത്തയിൽ വരുമെന്ന സംശയമായിരുന്നു മാധ്യമപ്രവർത്തകർക്കു നേരെ കൈവെക്കാൻ അവരെ പ്രേരിപ്പിച്ചത്.
(തുടരും)
Latest News:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.