സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു
text_fieldsകിഴക്കമ്പലം (കൊച്ചി): സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ട്വന്‍റി 20 പ്രവര്‍ത്തകന്‍ മരിച്ചു. കാവുങ്ങപറമ്പ് പാറപ്പുറം ഹരിജന്‍കോളനിയില്‍ ചായാട്ടുഞാലില്‍ കുഞ്ഞാറുവിന്റെ മകന്‍ ദീപുവാണ്(38) മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച ഉച്ചക്ക് 12.05നാണ് മരിച്ചത്.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എയുടെ നടപടികള്‍ക്കെതിരെ കഴിഞ്ഞ ശനിയാഴ്ച ഏഴ് മുതല്‍ 7.15 വരെ ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ ട്വന്റി 20 ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ അവിടെയെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ദീപുവിനെ മർദിച്ചെന്നാണ് ആരോപണം. സംഭവശേഷം ദീപുവിന്റെ വീടിനുമുന്നില്‍ തമ്പടിച്ച അക്രമി സംഘം ചികിത്സ തേടുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
തിങ്കളാഴ്ച കഠിനമായ തലവേദനയെ തുടര്‍ന്ന് ദീപു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിദഗ്ധ ചികിത്സ വേണമെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ വയറ്റില്‍ പല സ്ഥലങ്ങളിലായി ചതവും തലയില്‍ രക്തസ്രാവവും കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ച ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.
ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. മർദനത്തെ തുടര്‍ന്ന് നേരത്തേ കുന്നത്തുനാട് പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമം, ഹരിജന പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ്. മാതാവ്. കാര്‍ത്തു, സഹോദരി: ദീപ, സഹോദരീ ഭര്‍ത്താവ്: രാജു.
മരണത്തെത്തുടര്‍ന്ന് ട്വന്‍റി 20 പ്രവര്‍ത്തകരും ആശുപത്രി അധികൃതരും തമ്മില്‍ ചെറിയതോതില്‍ വാക്തര്‍ക്കമുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രി പരിസരത്ത് ട്വന്റി 20 ജനപ്രതിനിധികളും പ്രവര്‍ത്തകരും പ്രകടനവും നടത്തി. രാവിലെ 11 ഓടെ ദീപു ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞ് ബന്ധുക്കളെ കാണിച്ചെങ്കിലും ടി.വിയില്‍ വാര്‍ത്തവന്നപ്പോഴാണ് മരണപ്പെട്ടത് അറിഞ്ഞതെന്നാണ് ബന്ധുക്കളും ട്വന്‍റി 20 പ്രവര്‍ത്തകരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.