ട്വന്റി ട്വന്റിയുടെ 80 ശതമാനം വിലക്കുറവുള്ള മെഡിക്കൽ സ്റ്റോര്‍ പൂട്ടിച്ചു; കിഴക്കമ്പലംകാരുടെ പരാതിയിൽ ഇ.സി.ഐ നടപടി
text_fieldsകൊച്ചി: വൻ വിലക്കുറവിൽ ട്വന്റി ട്വന്റി പാര്‍ട്ടി ഭരിക്കുന്ന കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കൽ സ്റ്റോര്‍ അടച്ചുപൂട്ടി. ഇക്കഴിഞ്ഞ 21നാണ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കൽ സ്റ്റോര്‍ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷമാണ് മെഡിക്കൽ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ എറണാകുളം കലക്ടര്‍ മെഡിക്കൽ സ്റ്റോര്‍ പൂട്ടാൻ ഉത്തരവിട്ടത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ നിന്നടക്കം പിൻവലിക്കാനും ഉത്തരവിൽ പറയുന്നു.
80 ശതമാനം വിലക്കുറവിൽ മരുന്നുകൾ വിതരണം ചെയ്യുമെന്ന വാഗ്ദാനത്തിലാണ് മെഡിക്കൽ സ്റ്റോര്‍ ആരംഭിച്ചത്. ട്വന്റി ട്വന്റി ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിൽ കിറ്റക്സ് കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെയും മെഡിക്കൽ സ്റ്റോറിന്റെയും പ്രവര്‍ത്തനം എന്ന് കണ്ടെത്തി. ഇരു ഭാഗത്തിന്റെയും വാദം കേട്ട റിട്ടേണിങ് ഓഫീസര്‍ ട്വന്റി ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കൽ സ്റ്റോറുൾപ്പെട്ട ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റേതെന്നും ബില്ലിലും ഇവയുണ്ടെന്നും കണ്ടെത്തി.
എല്ലാ പ്രവർത്തനങ്ങൾക്കും പാര്‍ട്ടിയുടെ നേതൃത്വം വഹിക്കുന്ന സാബു എം. ജേക്കബ് തന്നെയാണെന്ന് കണ്ടെത്തിയ കലക്ടര്‍, ഇവയെല്ലാം തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നും വിലയിരുത്തി. പിന്നാലെയാണ് മാര്‍ച്ച് 21 ന് ഉദ്ഘാടനം ചെയ്ത മെഡിക്കൽ സ്റ്റോര്‍ പൂട്ടാൻ ഉത്തരവിട്ടത്. കിഴക്കമ്പലം സ്വദേശികളായ രണ്ട് പേരാണ് മെഡിക്കൽ സ്റ്റോര്‍ ഉദ്ഘാടനത്തിനെതിരെ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.