തിമിംഗല ഛർദിലുമായി ഇരട്ട സഹോദരങ്ങൾ പിടിയിൽ
text_fieldsപാലോട് (തിരുവനന്തപുരം): അരക്കോടിയിലേറെ വിലമതിക്കുന്ന തിമിംഗല ഛർദിലുമായി ഇരട്ട സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആശ്രമം സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ ദീപു, ദീപക് എന്നിവരെയാണ് കല്ലമ്പലം പൊലീസ് പിടികൂടിയത്. ഇവരെ പാലോട് വനം വകുപ്പിന് കൈമാറി.
ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെ കല്ലമ്പലത്തിനും പാരിപ്പള്ളിയ്ക്കും ഇടയിൽ ഫാർമസി മുക്ക് എന്ന സ്ഥലത്ത് 4 പേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടിരുന്നു. ഈ കാർ റോഡരികിൽ പാർക്ക് ചെയ്യാനായി ഒതുക്കിയപ്പോൾ പുറകേ വന്ന മറ്റൊരു വാഹനം കാറിന്റെ പിൻവശത്ത് ഇടിച്ച ശേഷം നിർത്താതെ പോയി. കല്ലമ്പലം പൊലീസ് എത്തി പരിശോധിച്ചപ്പോൾ സംശയാസ്പദ നിലയിൽ ഒരു ബാഗ് ശ്രദ്ധയിൽപെട്ടു. ഇത് തുറന്നുനോക്കിയപ്പോഴാണ് മൂന്നുകഷ്ണങ്ങളായി സൂക്ഷിച്ച ആംബർ ഗ്രീസ് കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി രണ്ട് പേരെയും പാലോട് എത്തിച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് നിന്നും ഒരാൾ കൊണ്ടുവന്ന തിമിംഗല ഛർദി കഴകൂട്ടത്ത് കൊണ്ട് പോയി ടെസ്റ്റ് ചെയ്ത ശേഷം വിൽക്കാൻ കൊണ്ടുപോവുകയായിരുന്നെന്ന് ഇവർ മൊഴി നൽകി. ഇവരുടെ കൂടെയുള്ള മറ്റുരണ്ടുപേർക്ക് കൂടി തെരച്ചിൽ നടത്തുന്നുണ്ട്.
അഞ്ചേമുക്കാൽ കിലോ തിമിംഗല ഛർദിയാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്. കിലോയ്ക്ക് പത്തു ലക്ഷം രൂപവരെ കിട്ടുമെന്നാണ് യുവാക്കൾ പറയുന്നത്. ഇവരെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.