ഇരട്ടപ്പാതയും പുതിയ പാലവും വരുന്നു; ഷൊർണൂരിലെ ട്രെയിൻ പിടിച്ചിടലിന് പരിഹാരമാകും
text_fieldsപാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിലെ ഷൊർണൂരിൽ ട്രെയിൻ പിടിച്ചിടുന്ന ദീർഘകാലത്തെ പ്രശ്നത്തിന് പരിഹാരമൊരുങ്ങുന്നു. വള്ളത്തോൾ നഗറിൽനിന്ന് ഷൊർണൂരിലേക്ക് ഇരട്ടപ്പാതയും ഭാരതപ്പുഴയിൽ പുതിയ പാലവും നിർമിക്കുന്ന പദ്ധതിയുടെ പ്രാരംഭപ്രവർത്തനം തുടങ്ങി. ചെറുതുരുത്തിയിലാണ് ഇരട്ടപ്പാതയും പാലവും വരുക. ഷൊർണൂർ യാഡിൽനിന്ന് പാലക്കാട്, തൃശൂർ ഭാഗത്തേക്കുള്ള ഒരു കിലോമീറ്റർ ഒറ്റവരിപ്പാത ഇരട്ടിപ്പിക്കണമെന്നത് ദീർഘകാല ആവശ്യമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ ട്രെയിനുകൾ വള്ളത്തോൾ നഗറിലും ഷൊർണൂരിലും പിടിച്ചിടുന്നത് ഒഴിവാകും. ഷൊർണൂർ യാഡ് റീമോഡലിങ്ങും ഇതിന്റെ ഭാഗമായി നടക്കും. ഭൂമിയേറ്റെടുക്കാൻ ഒരു വർഷവും നിർമാണത്തിന് രണ്ടു വർഷവും വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. 2027 ഫെബ്രുവരിയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ ട്രെയിനുകള്‍ പിടിച്ചിടുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വള്ളത്തോൾ നഗറിലും ഷൊർണൂരിലുമാണ് ഭൂരിഭാഗം ട്രെയിനുകളും പിടിച്ചിടാറുള്ളത്. ട്രെയിന്‍ ഗതാഗതത്തില്‍ ഏറ്റവുമധികം സമയനഷ്ടം സംസ്ഥാനത്തുണ്ടാകുന്നത് ഈ മേഖലയിലാണ്. വള്ളത്തോൾ നഗർ-ഷൊർണൂർ സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം നാലു കിലോമീറ്റര്‍ മാത്രമാണെങ്കിലും ഈ മേഖല മറികടക്കാന്‍ 10 മിനിറ്റെങ്കിലും വേണമെന്നതാണ് അവസ്ഥ. ഇതിന് പരിഹാരമെന്ന നിലയിലാണ് ഭാരതപ്പുഴയിൽ ഇരട്ടപ്പാതയുള്ള പാലം നിർമിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്.
42 കോടി രൂപയാണ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി കണക്കാക്കിയിരിക്കുന്നത്. ഭാരതപ്പുഴയിൽ നിലവിലുള്ള പാലത്തിനു സമീപംതന്നെയാണ് പുതിയ പാലം നിര്‍മിക്കുക. രണ്ടു വശത്തേക്കുമായി ട്രാക്കുകളുണ്ടാകും. പാതക്കുള്ള സ്ഥലമെടുപ്പ് പുരോഗമിക്കുകയാണ്. വളവുകളും ചരിവുകളും ഒഴിവാക്കി ജനവാസപ്രദേശങ്ങളിൽ ഭൂമിയേറ്റെടുക്കുമ്പോഴുള്ള പ്രതിഷേധം പരമാവധി ഇല്ലാതാക്കിയുള്ള നടപടികളാണ് നടക്കുന്നത്. ആകെ 367.39 കോടി രൂപയുടെ പദ്ധതിക്കാണ് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്.
മലബാറിലെ തിരക്ക് കുറക്കാൻ ട്രെയിനുകളിൽ അധിക കോച്ച്
പാലക്കാട്: തിരുവനന്തപുരം-മംഗലാപുരം റൂട്ടിലെ തിരക്ക് കുറക്കുന്നതിന് ശനിയും ഞായറും ചില ട്രെയിൻ സർവിസുകൾക്ക് റെയിൽവേ താൽക്കാലികമായി അധിക കോച്ച് അനുവദിച്ചു. മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസിന് (16630) ജൂലൈ 27നും തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസിന് (16629) ജൂലൈ 27, 28 തീയതികളിലും തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസിന് (16606) ജൂലൈ 27നും ഒരു അധിക രണ്ടാം ക്ലാസ് ജനറൽ കോച്ച് അനുവദിച്ചു. കന്യാകുമാരിയിൽനിന്ന് പുറപ്പെടുന്ന കന്യാകുമാരി-മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസിന് (16650) ജൂലൈ 27, 28 തീയതികളിലും മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന ഇതേ ട്രെയിനിന് (16649) ജൂലൈ 27നും ഒരു അധിക രണ്ടാം ക്ലാസ് ജനറൽ കോച്ച് അനുവദിച്ചതായും റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.