ആലപ്പുഴ മെഡിക്കല്‍ കോളജിൽ പ്രസവത്തിനിടെ ഇരട്ട നവജാത ശിശുക്കൾ മരിച്ചു
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയുടെ പ്രസവത്തെ തുടർന്ന് ഇരട്ട നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശിയുടെ രണ്ട് ആൺകുഞ്ഞുങ്ങളാണ് മരിച്ചത്. ശസ്ത്രക്രിയക്ക് ശേഷമായിരുന്നു സംഭവം. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ബുധനാഴ്ചയാണ് പ്രസവ തീയതി പറഞ്ഞിരുന്നത്. എന്നാൽ, വേദന കടുത്തതിനെ തുടർന്ന് രാത്രി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുസ്സലാം റിപ്പോർട്ട് തേടി.
മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിക്കുന്നതിങ്ങനെ: യുവതിയെ ജനുവരി 13നാണ് ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആദ്യ പ്രസവംശസ്ത്രക്രിയവഴി ആയിരുന്നു. രണ്ടാമത്തെ ഗര്‍ഭത്തില്‍ രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. സാധാരണ രണ്ടു കുഞ്ഞുങ്ങള്‍ ഉള്ളപ്പോള്‍ രണ്ടു മറുപിള്ള ഉണ്ടാകും. ഇവിടെ രണ്ടു കുഞ്ഞുങ്ങള്‍ക്കുംകൂടി ഒരു മറുപിള്ള മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ വിവരങ്ങള്‍ യുവതിയെയും ബന്ധുക്കളെയും നേരത്തേ അറിയിച്ചതാണ്.
ഗര്‍ഭധാരണം 36 ആഴ്ച പിന്നിട്ടതുകൊണ്ടും പരിശോധനകളിലും സ്‌കാനിങ്ങിലും അമ്മക്കും കുഞ്ഞിനും പ്രശ്നങ്ങള്‍ ഇല്ലാത്തതിനാലും 18ന് രാവിലെ ശസ്ത്രക്രിയ തീരുമാനിച്ചിരുന്നു. എന്നാല്‍, തലേദിവസം വൈകുന്നേരം കുഞ്ഞിന് അനക്കം കുറവുള്ളതായി കണ്ടെത്തുകയും ഡോപ്ലര്‍ ഉള്‍പ്പെടെയുള്ള സ്‌കാനിങ്ങില്‍ കുഞ്ഞിന് ഹൃദയമിടിപ്പ് നേരിയ തോതില്‍ മാത്രമേയുള്ളൂ എന്നും കണ്ടെത്തി. തുടർന്ന്, അടിയന്തരമായി സിസേറിയന്‍ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തപ്പോള്‍ ഒരു കുഞ്ഞ് ചുവപ്പുനിറം ഉള്ളതും മറ്റേ കുഞ്ഞ് വെളുത്തു വിളറിയ നിലയിലുമാണ് കണ്ടത്.
ഇരട്ടക്കുട്ടികള്‍ക്ക് ഒറ്റ മറുപിള്ള മാത്രമുണ്ടാകുന്ന സാഹചര്യത്തില്‍ സംഭവിക്കാവുന്ന ട്വിന്‍ ടു ട്വിന്‍ ട്രാൻസ്ഫ്യൂഷന്‍ സിന്‍ഡ്രോം അഥവാ ഒരു കുഞ്ഞിൽനിന്ന് മറ്റേ കുഞ്ഞിലേക്ക് മറുപിള്ള വഴി രക്തം സംക്രമിക്കുന്ന അവസ്ഥയാണ് ഇത്. കുഞ്ഞുങ്ങള്‍ക്ക് സാധ്യമായ എല്ലാ വൈദ്യ ശുശ്രൂഷകളും നൽകി. രണ്ട് കുഞ്ഞുങ്ങളെയും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ആശുപത്രി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അമ്മയുടെ ആരോഗ്യനില സുരക്ഷിതമായ രീതിയില്‍ തുടരുകയാണെന്നും ആശുപത്രി നല്‍കിയ കുറിപ്പില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. ടി.കെ. സുമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.