Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅച്ഛനെയും മകനെയും...

അച്ഛനെയും മകനെയും കാറിനൊപ്പം വലിച്ചിഴച്ചെന്ന​ പരാതിയിൽ ട്വിസ്റ്റ്; പരാതിക്കാർ കാർ തടഞ്ഞ് മർദിക്കുന്ന വിഡിയോ പുറത്തുവിട്ട് കുറ്റാരോപിതർ

text_fields
bookmark_border
അച്ഛനെയും മകനെയും കാറിനൊപ്പം വലിച്ചിഴച്ചെന്ന​ പരാതിയിൽ ട്വിസ്റ്റ്; പരാതിക്കാർ കാർ തടഞ്ഞ് മർദിക്കുന്ന വിഡിയോ പുറത്തുവിട്ട് കുറ്റാരോപിതർ
cancel

കൊച്ചി: ദേഹത്ത്​ ചളിവെള്ളം തെറിപ്പിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്​ അച്ഛനെയും മകനെയും കാറിനൊപ്പം വലിച്ചിഴച്ചുവെന്ന പരാതിയിൽ ട്വിസ്റ്റ്. പരാതിക്കാർ റോഡിന് കുറുകെ നിന്ന് കാർ തടഞ്ഞ് യാത്രക്കാരായ സ്ത്രീകളെയടക്കം മർദിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതികളുടെ ആരോപണം. സംഭവത്തിൽ ഇവർ പൊലീസിൽ പരാതിയും നൽകി.

എറണാകുളം ചിറ്റൂർ ​ഫെറിക്ക്​ സമീപം കുട്ടിസാഹിബ്​ റോഡിൽ ഞായറാഴ്ചയാണ്​ സംഭവം. ചേരാനല്ലൂർ നെറുവീട്ടിൽ അക്ഷയ്​ സന്തോഷ്, പിതാവ് സന്തോഷ് എന്നിവരെ കാർ യാത്രക്കാരായ കോട്ടയം കറുകച്ചാൽ സ്വദേശി ജോസഫ്​ ജോണും കണ്ടാലറിയാവുന്ന മറ്റ്​ രണ്ടുപേരും മർദിച്ചുവെന്നായിരുന്നു പരാതി. ചേരാനല്ലൂർ പൊലീസിലാണ് ഇവർ പരാതിപ്പെട്ടത്. എന്നാൽ, പരാതിക്കാർ തങ്ങളെയാണ് മർദിച്ചതെന്നാണ് ജോസഫ്​ ജോണും സംഘവും വിഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ സഹിതം പറയുന്നത്.

ആസ്റ്റര്‍ മെഡ്​സിറ്റിക്ക് സമീപത്തുനിന്ന്​ അക്ഷയും സഹോദരിയും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോൾ ജോസഫ്​ ജോണിന്റെ കാർ ഇവരുടെ ദേഹത്തേക്ക് ചളി തെറിപ്പിച്ചുവെന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. തുടർന്ന് സ്കൂട്ടർ കാറിന്​ കുറുകെയിട്ട്​ അക്ഷയ് ചോദ്യം ചെയ്തു. അവി​ടെ വെച്ച് നാട്ടുകാര്‍ ഇടപെട്ട് തര്‍ക്കം പരിഹരിച്ചു. എന്നാൽ, അക്ഷയും സഹോദരിയും വീട്ടിലേക്ക് മടങ്ങിയപ്പോൾ കാര്‍ ഇവരെ പിന്തുടരുകയും ഇവരു​ടെ വീട് കഴിഞ്ഞ് അൽപം മുന്നോട്ടുപോവുകയും ചെയ്തു. കുറച്ചുകഴിഞ്ഞ്​ കാര്‍ തിരികെ എത്തിയപ്പോൾ വീടിന് പുറത്തുനിന്ന തന്നെയും പിതാവിനെയും മർദിച്ചുവെന്നും കാറിൽ വലിച്ചിഴച്ചുവെന്നുമാണ് അക്ഷയ് പരാതിപ്പെട്ടത്.

എന്നാൽ, ജോസഫ് ജോൺ പുറത്തുവിട്ട ദൃശ്യങ്ങളിൽ അക്ഷയും പിതാവുമടക്കം മൂന്നുപേർ റോഡിന് കുറുകെ നിന്ന് കാർ തടയുന്നതും വാക്​തർക്കത്തി​ൽ ഏർപ്പെടുന്നതും കാണാം. കാറിലിരുന്ന് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച യാത്രക്കാ​രിയെ ഇവർ മർദിക്കുന്നുമുണ്ട്. തുടർന്ന് കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ചു വലിക്കുന്നതും കാണാം. തുടർന്നാണ്​ തങ്ങൾ കാർ മുന്നോട്ടെടുത്തതെന്നും ഇവർ കാറിലുള്ള പിടിവിടാതിരുന്നതാണെന്നും ജോസഫ് പറയുന്നു.

നേരത്തെ അക്ഷയും പിതാവും നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാത്തത്​ വൻ ​പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു. വലിച്ചിഴക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്ന​തോടെയാണ്​ കേസെടുത്തത്​. ജോസഫ് ജോണിന്‍റെ പരാതിയിൽ അക്ഷയിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന്​ ചേരാനല്ലൂർ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Newscrime
News Summary - Twist in the complaint car driver drags father son duo
Next Story