വടക്കൻ അയർലൻഡിൽ രണ്ട് മലയാളി വിദ്യാർഥികൾ മുങ്ങിമരിച്ചു; നടുക്കം മാറാതെ സുഹൃത്തുക്കൾ
text_fieldsലണ്ടൻ: തിങ്കളാഴ്ച വൈകീട്ട് വടക്കൻ അയർലൻഡിലെ ലണ്ടൻ ഡെറിയിലെ ഇനാഗ് ലോഫിലേക്ക് സൈക്ലിങ്ങിനായി പോയതായിരുന്നു ആ എട്ടംഗസംഘം. സന്തോഷത്തോടെ തിരിച്ച യാത്ര ഒടുവിൽ സങ്കടക്കടലിന്റേതായി. കൂട്ടുകാരായ രണ്ടുപേരെ മരണത്തിനു വിട്ടുകൊടുത്തതിന്റെ സങ്കടവും പേറിയാണ് ആറംഗ സംഘം മടങ്ങിയത്. മരിച്ച രണ്ടു വിദ്യാർഥികളും മലയാളികളാണ്.
കോട്ടയം എരുമേലി സ്വദേശിയും ലണ്ടൻഡെറിയിൽ സ്ഥിരതാമസക്കാരനുമായ സെബാസ്റ്റ്യന്‍ ജോസഫ് (അജു)-വിജി ദമ്പതികളുടെ മകന് ജോസഫ് സെബാസ്റ്റ്യന്‍ (ജോപ്പു 16), കണ്ണൂർ പയ്യാവൂർ സ്വദേശി ജോഷി സൈമണിന്റെ മകന് റുവാന്‍ ജോ സൈമണ്‍ (16) എന്നിവരാണ് മരിച്ചത്. ഇരുവരും സെന്റ് കൊളംബസ് ബോയ്സ് കോളജ് വിദ്യാർഥികളാണ്.
സൈക്ലിങ്ങിനിടെ തടാകത്തിലെ വെള്ളത്തിലിറങ്ങിയപ്പോൾ മുങ്ങിയ റുവാനെ രക്ഷിക്കാനാണ് ജോസഫ് അപകടത്തിൽ പെട്ടത്. വെള്ളത്തിൽ ചെളിയിൽ ആണ്ടുപോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. തിരച്ചിലിൽ ആദ്യം കണ്ടെടുത്തത് റുവാന്റെ മൃതദേഹമാണ്. ഏറെ നേരത്തേ ശ്രമഫലമായാണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. റുവാനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
6.30ന് തടാകത്തിൽ നിന്ന് അപായ മണി മുഴങ്ങുന്നതു കേട്ടാണ് ആളുകൾ കൂട്ടമായി തടാകക്കരയിലെത്തിയത്. വിവരമറിഞ്ഞയുടൻ ആംബുലൻസുമായി മുങ്ങൽവിദഗ്ധരും പാരാമെഡിക്കൽ സംഘങ്ങളും സ്ഥലത്തെത്തി.
സംഘത്തിൽ പെട്ട മൂന്നാമനെ ആശുപത്രിയിൽ പ്രവേശിച്ചു. മറ്റു മൂന്നുപേർക്ക് പരിക്കൊന്നുമുണ്ടായില്ല. എന്നാൽ സംഭവത്തിന്റെ ആഘാതം വിട്ടുമാറിയിട്ടില്ലെന്ന് വടക്കൻ അയർലൻഡ് പൊലീസ് പറയുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അയർലൻഡ് പ്രധാനമന്ത്രി മിഷേൽ മാർട്ടിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.