വർഷങ്ങളായി മുങ്ങിനടന്ന രണ്ട് പ്രതികൾ പിടിയിൽ
text_fieldsആലുവ: വർഷങ്ങളായി മുങ്ങിനടന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 15 വർഷമായി മുങ്ങിനടന്ന ചൂർണിക്കര അശോകപുരം പറപ്പാലിൽ വീട്ടിൽ അനിൽ കുമാർ (44), എട്ട് വർഷമായി ഒളിവിലായിരുന്ന മാവേലിക്കര പള്ളിപ്പാട്ട് കുന്നറ വീട്ടിൽ സൂരജ് (35) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.
അനിൽകുമാർ 1998ൽ അശോകപുരം സ്വദേശിയെ മർദിച്ചവശനാക്കിയശേഷം ഇരുചക്രവാഹനം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. 2002ൽ ആലുവ മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. എന്നാൽ, ഇയാൾ ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന് ശിക്ഷ ഒരു വർഷമായി കുറച്ചു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കൊല്ലം കോഴിവിള ഭാഗത്ത് നിന്നാണ് കഴിഞ്ഞദിവസം പിടികൂടിയത്.
2012 ൽ കേസിൽ ഉൾപ്പെട്ട വാഹനം ചിത്രീകരിച്ച വിഡിയോഗ്രാഫറെ ആക്രമിച്ച കേസിലെ പ്രതിയാണ് സൂരജ്. കോടതി നടപടിക്കിടെ ഒളിവിൽ പോവുകയായിരുന്നു. മുങ്ങി നടക്കുന്നവരെ പിടികൂടാൻ ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. ആലുവ സ്റ്റേഷനിൽ മാത്രം രണ്ടാഴ്ചക്കിടെ പത്തോളം പേരെ പിടികൂടി. റൂറൽ ജില്ലയിൽ 120 ഓളം പേരെ അറസ്റ്റ് ചെയ്തു.
ഡിവൈ.എസ്.പി ടി.എസ്.സിനോജ്, എസ്.എച്ച്.ഒ പി.എസ്.രാജേഷ്, എസ്.ഐ ആർ.വിനോദ്, എ.എസ്.ഐ എ.സജീവ്, എസ്.സി.പി.ഒമാരായ ടി.ജി.അഭിലാഷ്, സി.എ.നിയാസ്, ടി.എ.ഷെബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.