മത്സ്യവിത്ത് ഉൽപാദനം വൈവിധ്യവത്കരിക്കാൻ രണ്ടരക്കോടിയുടെ പദ്ധതി
text_fieldsകൊച്ചി: സംസ്ഥാനത്തെ മത്സ്യവിത്ത് ഉൽപാദനം വർധിപ്പിക്കാനും ഉൽപാദനത്തിൽ വൈവിധ്യം കൊണ്ടുവരാനും ഫിഷറീസ് വകുപ്പിന്റെ പദ്ധതി. ഡൈവേഴ്സിഫിക്കേഷൻ ഓഫ് ഫിഷ് സീഡ് പ്രൊഡക്ഷൻ എന്നപേരിൽ 2.59 കോടി ചെലവിട്ടാണ് ഈ വർഷത്തേക്കുള്ള പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള ഭരണാനുമതിയായിട്ടുണ്ട്. ഫിഷറീസ് വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾചർ, കേരള (അഡാക്)യാണ് പദ്ധതി നടപ്പാക്കുന്നത്.
ഗവ. ഹാച്ചറികളിൽ ഉൽപാദിപ്പിക്കുന്നതിൽ മുമ്പന്തിയിലുള്ളത് കട്ട്ല, രോഹു, മൃഗാൽ തുടങ്ങിയ കാർപ് മത്സ്യങ്ങളാണ്. എന്നാൽ, അടുത്തിടെയായി മത്സ്യകർഷകർ ചെമ്മീൻ, കരിമീൻ, തിലോപ്പിയ തുടങ്ങിവയുടെ ഉൽപാദനത്തിലേക്കുകൂടി തിരിഞ്ഞിട്ടുണ്ട്. മികച്ച വില, വിപണനസാധ്യത തുടങ്ങിയവ മുന്നിൽ കണ്ടാണ് ഈ മാറ്റം.
കൊല്ലം കുളത്തൂപ്പുഴ, തൃശൂർ പീച്ചി, കോഴിക്കോട് കല്ലാനോട്, മലപ്പുറം പരപ്പനങ്ങാടി ഉള്ളണം എന്നിവിടങ്ങളിലെ സർക്കാറിന്റെ ശുദ്ധജല മത്സ്യവിത്ത് ഫാമുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉൽപാദനം വർധിപ്പിക്കുക, പുതിയ ഇനങ്ങൾ ഉൽപാദിപ്പിക്കുക, മികച്ച വിളവെടുപ്പിനായി ഗുണനിലവാരമുള്ളവ ഉൽപാദിപ്പിക്കുക, കർഷകർക്ക് ഇവ വിതരണം ചെയ്യുക എന്നീ ലക്ഷ്യങ്ങളാണുള്ളത്.
കല്ലാനോട് -47.68 ലക്ഷം രൂപ, ഉള്ളണം -77.29 ലക്ഷം, കുളത്തൂപ്പുഴ-64.52, പീച്ചി-69.62 ലക്ഷം എന്നിങ്ങനെയാണ് ഓരോ ഫാമിനും നിലവിലെ സാമ്പത്തികവർഷം പദ്ധതിക്കായി ചെലവഴിക്കാൻ അനുവദിക്കുന്ന വിഹിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.