കലക്ടറുടെ ക്യാമ്പ് ഓഫിസിനു പിറകിലെ വീട്ടിൽനിന്ന് രണ്ടരകോടിയുടെ ചന്ദനം പടികൂടി
text_fieldsകാസര്‍കോട്: ജില്ല കലക്ടറുടെ ക്യാമ്പ് ഒാഫിസിനു പിറകിലെ വീട്ടിൽനിന്ന് രണ്ടരകോടി വിലമതിക്കുന്ന 846 കിലോ ചന്ദനം പിടികൂടി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കലക്ടറും ജില്ല പൊലീസ് മേധാവിയും താമസിക്കുന്ന സ്ഥലത്തിനു സമീപത്തുനിന്നാണ് ചന്ദനം പിടികൂടിയത്. ചന്ദനമുട്ടികൾ 30 ചാക്കുകളിലായി നിറച്ച് ലോറിയിൽ കയറ്റുന്നതിനിടെ കലക്ടറുടെ ഗൺമാനാണ് പിടികൂടിയത്.
തായല്‍ നായന്മാര്മൂലയിലെ ലോറി ഖാദർ എന്നറിയപ്പെടുന്ന അബ്ദുൽ ഖാദര്‍ (60), മകന് അര്‍ഷാദ് (25) എന്നിവര്‍ താമസിക്കുന്ന വീട്ടില്‍നിന്ന് ചൊവ്വാഴ്ച പുലര്‍ച്ച 4.30നാണ് സംഭവം. കലക്ടറുടെ വീടിനു പിറകിൽനിന്ന് മരക്കഷണങ്ങൾ തട്ടുന്ന ശബ്ദംകേട്ട ഗണ്മാന് ദിലിഷ് ചെന്നുനോക്കിയപ്പോൾ കുറച്ചുപേർ ലോറിയിൽ ചാക്കുകൾ കയറ്റുകയായിരുന്നു. അതിനിടയിൽ ഒരു കഷണം താഴെ വീണു. ചന്ദനം മണത്ത ഗൺമാനുമായി അവിടെയുള്ളവർ തർക്കിക്കാൻ തുടങ്ങിയപ്പോൾ കലക്ടറെ വിവരമറിയിക്കുകയായിരുന്നു. കലക്ടറും റവന്യൂ ഒാഫിസർ ശ്രീജിത്ത്, ഡി.എഫ്.ഒ പി.കെ. അനൂപ് കുമാര്‍, റേഞ്ച് ഓഫിസര്‍ അനില്‍കുമാര്‍ എന്നിവരും ചേർന്ന് ചന്ദനത്തടികളും വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
വീട്ടുകാരോട് അന്വേഷിച്ചപ്പോൾ, ഖാദർ കോവിഡ് പോസിറ്റിവായി കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരമാണ് ലഭിച്ചിരിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത ചന്ദനങ്ങള്‍ വനം വകുപ്പിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.