കരിപ്പൂരിൽ വിമാനത്തിലെ സീറ്റിലൊളിപ്പിച്ചതടക്കം രണ്ടര കോടിയുടെ സ്വര്‍ണം പിടികൂടി
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടര കോടി രൂപ വിലമതിക്കുന്ന കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് അധികൃതർ പിടികൂടി. വിമാനത്തിലെ സീറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച സ്വര്‍ണ ബിസ്ക്കറ്റുകളും മറ്റൊരു വിമാനത്തിലെത്തിയ യാത്രികന് ശരീരത്തിനകത്ത് മിശ്രിതരൂപത്തിലും അടിവസ്ത്രത്തിനുള്ളിലും കൊണ്ടുവന്ന സ്വര്‍ണവുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റ്സ് വിഭാഗം പിടികൂടിയത്. സംഭവത്തിൽ ഒരാൾ പിടിയിലായി. അബൂദബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രികനായ കോഴിക്കോട് മടവൂര്‍ സ്വദേശി പാമ്പുങ്ങല്‍ മുഹമ്മദ് ഫാറൂഖാണ് പിടിയിലായത്.
ശരീരത്തിനകത്ത് മൂന്ന് കാപ്സ്യൂളുകളിലായി ഒളിപ്പിച്ച 811 ഗ്രാം സ്വര്‍ണമിശ്രിതവും അടിവസ്ത്രത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 164 ഗ്രാം സ്വര്ണമാലയുമായാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടിയത്. സ്വര്‍ണക്കടത്തിന് 70,000 രൂപയും വിമാന ടിക്കറ്റുമാണ് ഇയാള്‍ക്ക് കള്ളക്കടത്ത് ലോബി വാഗ്ദാനം ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ സീറ്റുകള്‍ക്കുള്ളില്‍ നിന്നാണ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടികൂടിയത്. മൂന്ന് സീറ്റുകള്‍ക്ക് അടിയിലായിട്ടായിരുന്നു ഒരു കിലോഗ്രാം വീതം തൂക്കം വരുന്ന മൂന്ന് സ്വര്‍ണ ബിസ്ക്കറ്റുകള്‍. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
അസിസ്റ്റന്റ് കമീഷണര്‍മാരായ രവീന്ദ്ര കെനി, പ്രവീണ്‍കുമാര്‍, സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്ണന്, കുഞ്ഞുമോന്, വിക്രമാദിത്യ കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ രവികുമാര്‍, ജോസഫ് കെ. ജോണ്‍, നിക്സണ്, വിജി, സച്ചിദാനന്ദ പ്രസാദ്, ഹെഡ് ഹവില്‍ദാര്‍ ഇ.ടി. സുരേന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.