രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും മായാതെ ആ കയറിന്റെ വേദന
text_fieldsകൊല്ലം: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് റോഡിൽ വീണുകിടന്ന കയർ കോട്ടയത്ത് വഴിയാത്രക്കാരന്റെ ജീവനെടുത്ത സംഭവം ഓർമകളിലെത്തിക്കുന്നത് കൊല്ലത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന സമാനമായ അപകടം. 1996 മാർച്ച് 13ന്റെ പ്രഭാതത്തിലാണ് കൊല്ലം നഗരമധ്യത്തിൽ ലോറിയിൽനിന്ന് അയഞ്ഞുകിടന്ന കയറിൽ വിലപ്പെട്ട ഒരു ജീവൻ പൊലിഞ്ഞത്. തമിഴ്നാട്ടിൽനിന്ന് മത്സ്യം കയറ്റിവന്ന ലോറിയിൽനിന്ന് കെട്ടഴിഞ്ഞ് റോഡിലേക്ക് നീണ്ടുകിടന്ന കയറാണ് അന്ന് കൊലക്കയറായത്. 27 വർഷങ്ങൾക്കിപ്പുറവും ആ കയർ ബാക്കിയാക്കിയ വേദനയിൽ നീറുകയാണ് അന്ന് മരിച്ച 45കാരന്റെ കുടുംബം.
നഗരത്തിൽ അക്കാലത്ത് പ്രതാപത്തോടെ പ്രവർത്തിച്ചിരുന്ന പാർവതി മിൽസിൽ മെക്കാനിക്കൽ സൂപ്പർവൈസറായിരുന്ന പത്തനംതിട്ട സ്വദേശിയാണ് കൊല്ലപ്പെട്ടത്. അന്ന് രാവിലെ ആറേകാലോടെ താമസിച്ചിരുന്ന റെയിൽവേ ക്വാർട്ടേഴ്സിൽനിന്ന് കാൽനടയായി പാർവതി മില്ലിലേക്ക് ജോലിക്ക് പോകുകയായിരുന്നു അദ്ദേഹം. സഹപ്രവർത്തകനായ സുഹൃത്തുമൊത്ത് വഴിയരികിലൂടെ സംസാരിച്ച് നടക്കുകയായിരുന്നു. പാർവതി മില്ലിന് 50 മീറ്ററിനപ്പുറത്ത്, ഇവർക്ക് സമീപമെത്തിയപ്പോഴാണ് മത്സ്യലോറിയിൽനിന്ന് നീണ്ടുകിടന്ന വലിയ കയറിൽ പിറകിൽ വന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ കയറിയത്. വലിയ വേഗത്തിൽ പോകുകയായിരുന്ന ലോറിയിൽനിന്നുള്ള കയർ ഇതോടെ ഉയർന്ന് വലിഞ്ഞ് മുറുകി. ബസ് കടന്നുപോയതോടെ ഈ കയർ പൊങ്ങി ഉയർന്ന് റോഡരികിലേക്ക് ആഞ്ഞടിച്ചു. ആ 45കാരന്റെ സുഹൃത്തിന് നേർക്കാണ് ആദ്യം കയർ വന്നത്. അദ്ദേഹം കൈകൊണ്ട് തടുത്തുമാറിയപ്പോൾ കയർ നേരെ പോയി കുരുങ്ങിയത് ആ യുവാവിന്റെ ശരീരത്തിലായിരുന്നു. കയർ വലിച്ചെടുത്ത് നിലത്തേക്ക് അടിച്ചുവീണ അദ്ദേഹത്തിന് അവിടെ വെച്ചുതന്നെ ജീവൻ നഷ്ടമായി.
‘ദേശീയപാതയിൽ ആറ്റിങ്ങൽമുതൽ റോഡിലേക്ക് വീണുകിടക്കുകയായിരുന്ന കയറുമായി ലോറി കൊല്ലംവരെ എത്തുന്നതിനിടയിൽ മറ്റ് ചിലരും അപകടത്തിൽപെട്ടിരുന്നത്രെ. എന്നാൽ, ഇത് ശ്രദ്ധിക്കാതെ വാഹനം ഓടിച്ചുവരികയായിരുന്നു ഡ്രൈവർ. കൊല്ലത്ത് അപകടമുണ്ടായതും അയാൾ അറിഞ്ഞില്ല. അപകടം കണ്ട് നാട്ടുകാർ ഓടിയെത്തി വാഹനം നിർത്താൻ ശ്രമിച്ചപ്പോൾപോലും അയാൾ അറിഞ്ഞില്ല. മുന്നോട്ടുപോയ വാഹനത്തിൽനിന്ന് കയർ സമീപത്ത് ഡിവൈഡറിൽ കുരുങ്ങിയപ്പോഴാണ് വണ്ടി നിന്നത്’- അപകടത്തിൽ മരിച്ചയാളുടെ മകൾ ഓർക്കുന്നു. പിതാവിന്റെ മരണത്തിൽനിന്ന് ഇന്നും ആ മകളും അദ്ദേഹത്തിന്റെ ഭാര്യയും മകനും മറ്റ് പ്രിയപ്പെട്ടവരും മുക്തരായിട്ടില്ല. കോട്ടയത്തെ അപകടം തങ്ങളുടെ പിതാവിന് സംഭവിച്ച അതേ ദുര്യോഗമാണല്ലോ എന്നോർക്കുമ്പോൾ ആ ദിനത്തിന്റെ ഓർമകൾ അവരെ കൂടുതൽ വേദനിപ്പിക്കുകയാണ്. ഇനിയെങ്കിലും ഇങ്ങനെയൊരു ദുരന്തം ഒരു കുടുംബത്തിനും താങ്ങേണ്ടിവരല്ലേ എന്ന പ്രാർഥനയാണ് അവർ പങ്കുവെക്കുന്നത്.
(പ്രിയപ്പെട്ടവരുടെ ഓർമപ്പെടുത്തലുകൾ താങ്ങാൻ കഴിയില്ലെന്ന കുടുംബത്തിന്റെ അവസ്ഥ മാനിച്ച് അന്ന് മരിച്ചയാളുടെ പേരും വിവരങ്ങളും വെളിപ്പെടുത്തുന്നില്ല.)
നടക്കാം... അതികരുതലോടെ
കൊച്ചി: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ കയർ കാലിൽ കുരുങ്ങി കാൽനടക്കാരൻ ദാരുണമായി മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. റോഡരികിലൂടെ നടക്കുമ്പോൾപോലും തന്റേതല്ലാത്ത തെറ്റിന് അപകടത്തിനും ജീവൻ നഷ്ടമാവുന്നതിനും വരെ കാരണമാവുന്ന സംഭവം ഇതാദ്യമായല്ല. പ്രഭാത നടത്തത്തിനിടെ വാഹനങ്ങൾ തട്ടി നിരവധി ജീവനാണ് പൊലിഞ്ഞിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ പ്രഭാത നടത്തത്തിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നറിയാം...
പ്രഭാത നടത്തത്തിന്റെ വേളയിൽ പലയിടത്തും വേണ്ടത്രയോ ചിലയിടത്ത് ഒട്ടുമോ വെളിച്ചമുണ്ടാവില്ല. ഇക്കാര്യം മുന്നിൽക്കണ്ട് വെളിച്ചത്തിന് ടോർച്ചോ മൊബൈൽ ഫ്ലാഷ് ലൈറ്റോ കൈയിൽ കരുതണം. അപരിചിതമായ വഴികളിലൂടെ ഒറ്റക്ക് നടക്കാനിറങ്ങരുത്. കഴിയുന്നതും നേരം പുലരുംമുമ്പേ നടക്കാതിരിക്കാം, ഇങ്ങനെ നടക്കുമ്പോൾ ആരെയെങ്കിലും കൂട്ടുവിളിക്കാം. നമ്മുടെ അടുത്തേക്കു വരുന്ന വാഹനം മുൻകൂട്ടി കാണാൻ എപ്പോഴും വലതുവശം ചേർന്ന് നടക്കുക. നേരം പുലരുംമുമ്പുള്ള നടത്തത്തിന് കാൽനടക്കാർ ഇളം നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണുചിതം. കറുപ്പ് പോലെ കടുംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ ഡ്രൈവർമാർക്ക് പെട്ടെന്ന് കാണാനാവില്ല. റോഡുകളിൽ നടപ്പാതയുണ്ടെങ്കിൽ അതിലൂടെ നടക്കുക.
ഫോണിൽ സംസാരിച്ചും ഇയർഫോണിൽ പാട്ടുകേട്ടുമൊക്കെ നടക്കുന്നത് അപകടകരമാണെന്ന് ഓർക്കുക. വാഹനങ്ങൾ ഹോണടിച്ചാലും മറ്റും കേൾക്കാനാവില്ല. അപകടം വാഹനങ്ങളുടെ രൂപത്തിൽ മാത്രമല്ല, തെരുവുനായ്ക്കൾ, പാമ്പ്, മോഷ്ടാക്കൾ തുടങ്ങിയവയുടെ രൂപത്തിലുമുണ്ടെന്ന ചിന്ത ഉള്ളിൽ വേണം. അതിനനുസരിച്ച ജാഗ്രതയും ശ്രദ്ധയും ഉണ്ടാവണം. റോഡിൽനിന്ന് കൂട്ടംകൂടി വർത്തമാനം പറയുന്നത് ഒഴിവാക്കുക. ഒപ്പം കുട്ടികളുണ്ടെങ്കിൽ അവരെ കൈപിടിച്ച് നടത്തുക. കുട്ടികളെ ഒരിക്കലും റോഡിന്റെ വശത്തേക്ക് നിർത്തരുത്. പരമാവധി സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുക. സീബ്രാലൈനിലാണെങ്കിലും അല്ലെങ്കിലും റോഡ് മുറിച്ചുകടക്കുമ്പോൾ ഇരുവശവും നോക്കി വാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തി മുറിച്ചുകടക്കുക. അതിരാവിലെ റോഡിൽ തിരക്കു കുറവായതിനാൽ വാഹനങ്ങളുടെ വേഗം കൂടുതലായിരിക്കുമെന്ന് ഓർക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.