കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയെ ക്രൂരമായി മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയെ ക്രൂരമായി മുറിവേൽപ്പിച്ചു. ജനനേന്ദ്രിയത്തിലടക്കം മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് ആയമാർ അറസ്റ്റിലായി. തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതി കേന്ദ്രത്തിലാണ് കൊടുംക്രൂരത ഉണ്ടായിരിക്കുന്നത്.
അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ അടക്കം ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് സ്ത്രീകളും താൽക്കാലിക ജീവനക്കാരാണ്. ഇവർ വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. അജിതയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചതെന്നും മറ്റ് രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നുമാണ് വിവരം.
അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ച് വയസുകാരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയിൽ എത്തിച്ചത്. രണ്ടര വയസുകാരി സ്ഥിരമായി കിടക്കയിൽ മൂത്രമൊഴിക്കാറുണ്ട്. ഇതിൻറെ പേരിൽ കുട്ടിയുടെ ശരീരത്തിലും ജനനേന്ദ്രിയത്തിലും നഖം പതിപ്പിച്ച് നുള്ളി മുറിവേൽപ്പിക്കുകയായിരുന്നു.
മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ നിർത്താതെ കരഞ്ഞതോടെ പരിശോധിച്ചപ്പോഴാണ് ക്രൂരമായി മുറിവേൽപ്പിച്ചത് കണ്ടെത്തിയത്. തുടർന്ന്, ഞായറാഴ്ച തൈക്കാട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നടന്ന വൈദ്യപരിശോധനയിൽ കൂടുതൽ മുറിവുകൾ കണ്ടെത്തി.
ഇതോടെ മ്യൂസിയം പൊലീസിൽ വിവരമറിയിച്ചു. കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ മൂന്ന് ആയമാരാണ് കുറ്റക്കാരെന്ന് കണ്ടെത്തി. ഇവരെ ചോദ്യം ചെയ്യുകയും അറസ്റ്റ് നടത്തുകയുമായിരുന്നു.
അനാഥരായ, ആശ്രയമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിൽനിന്ന് തന്നെ ഇത്തരത്തിലെ സംഭവമുണ്ടായത് ഞെട്ടിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.