മ്ലാവിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവം: രണ്ടുപേർ പിടിയിൽ
text_fieldsകോന്നി: മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. നീലിപിലാവ് കോയിക്കലേത്ത് അംബുജാക്ഷൻ (50), ചിറ്റാർ തെക്കേക്കര പുളിമൂട്ടിൽ രാജൻ (62) എന്നിവരെയാണ് വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.വി. രതീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കരിമാൻതോട് പൂച്ചക്കുളം വനമേഖലയോട് ചേർന്ന് ജനവാസമേഖലയിൽ പ്രതികൾ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ കൊല്ലുകയും ഇവിടെവെച്ച് തന്നെ ഇറച്ചിയാക്കി നാല് ചാക്കുകളിൽ കടത്തുകയും പിന്നീട് ചിറ്റാർ മേഖലയിൽ വിൽക്കുകയും ചെയ്തു. ഇവരിൽനിന്ന് മ്ലാവ് ഇറച്ചി വാങ്ങിയവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കശാപ്പ് ചെയ്തശേഷം വനത്തിനുള്ളിലെ തോടിന് സമീപം കുഴിച്ചിട്ട മ്ലാവിന്റെ തലയും കാലും ഉൾപ്പെടുന്ന അവശിഷ്ടങ്ങളും കണ്ടെത്തി. പിടിയിലായവർക്ക് പുറമെ, അനിൽ കുമാർ എന്നായാളും ഇയാളുടെ രണ്ട് സുഹൃത്തുക്കളും കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും റേഞ്ച് ഓഫിസർ പറഞ്ഞു. വേട്ടയുടെ സൂത്രധാരൻ അനിൽകുമാറാണെന്നും നേരത്തേ നായാട്ട് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ മ്ലാവിനെ കൊല്ലാൻ ലക്ഷ്യമിട്ട് പടക്കക്കെണിയൊരുക്കി എന്നുമാണ് വനംവകുപ്പിന്റെ നിഗമനം.
തണ്ണിത്തോട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എസ്. റെജികുമാർ, ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എസ്. ഷിജു, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എം.കെ. ഗോപകുമാർ, എ.എസ്. മനോജ്, ബി.എഫ്.ഒമാരായ എം.എസ്. ഷിനോജ്, ജി. ബിജു, അമൃത ശിവരാമൻ, ആദിത്യ സദാനന്ദൻ, ആമിന എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.