നഴ്സിങ് പ്രവേശന തട്ടിപ്പ്: 93 ലക്ഷത്തോളം രൂപ തട്ടിയ രണ്ടുപേർ പിടിയിൽ
text_fieldsകായംകുളം: നഴ്സിങ് കോഴ്സിന് പ്രവേശനം നൽകാമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് കരുമാടകത്ത് സലാഹുദ്ദീൻ അഹമ്മദ് (26), തിരുവനന്തപുരം കടകംപള്ളി വില്ലേജിൽ ആനയറ പുളിക്കൽ അമ്പു ഭവനത്തിൽ ബീന (44) എന്നിവരാണ് പിടിയിലായത്.
തിരുവല്ലം നെല്ലിയോട് മേലേ നിരപ്പിൽ കൃഷ്ണ കൃപയിൽ വാടകയ്ക്ക് താമസിക്കുന്ന ബീന തിരുവനന്തപുരത്ത് ജീവജ്യോതി എജുക്കേഷൻ ട്രസ്റ്റ് ഉടമയാണ്. നേരത്തെ തിരുവനന്തപുരം ഹീര കോളജ് ഓഫ് എൻജിനീയറിങ്ങിൽ അഡ്മിഷൻ മാനേജരായി ജോലി ചെയ്തിരുന്നു.
കേരളത്തിലെ വിവിധ കോളജുകളിൽ നഴ്സിങ്ങിന് പ്രവേശനം ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 93 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പ്രൈവറ്റ് നഴ്സിങ് അസോസിയേഷൻ മെമ്പറായ മൂന്നാം പ്രതിയുടെ സഹായത്തോടെ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പേരിൽ വ്യാജമായുണ്ടാക്കിയ അലോട്ട്മെന്റ് മെമ്മോകളും സർക്കുലറുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
കേസിലെ രണ്ടാം പ്രതിയായ ബീന സമാന കേസിൽ മാവേലിക്കരയിലും എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലും പിടിയിലായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സംഘം നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി സംശയമുണ്ട്.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ശ്രീകുമാർ, എ.എസ്.ഐമാരായ റീന, ജയലക്ഷ്മി, പൊലീസുകാരായ വിഷ്ണു, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.