അങ്കമാലിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
text_fieldsഅങ്കമാലി: കോടികൾ വിലമതിക്കുന്ന മയക്ക് മരുന്ന് ( ഹാഷിഷ് ഓയിൽ) കൈമാറുന്നതിനിടെ അങ്കമാലിയിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. ബംഗളൂരുവിൽ നിന്ന് എറണാകുളം സ്വദേശിയായ വിദ്യാർഥി ടൂറിസ്റ്റ് ബസിലെത്തിച്ച രണ്ട് കിലോ മയക്ക് മരുന്ന് തൃശൂർ സ്വദേശിക്ക് കൈമാറുന്നതിനിടെ ജില്ല റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നാടകീയമായി പിടികൂടിയത്. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് അയ്യമ്പാത്ത് വീട്ടിൽ മുഹമ്മദ് അസ് ലം (23), തൃശൂർ പട്ടിക്കാട് പാത്രക്കടയിൽ വീട്ടിൽ ക്ലിൻറ് സേവ്യർ (24) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ എൽ.എൽ.ബി വിദ്യാർത്ഥിയായ അസ് ലം അതീവ രഹസ്യമായി ബാഗുകൾക്കുള്ളിൽ സൂക്ഷിച്ച് അന്തർ സംസ്ഥാന ദീർഘദൂര ബസിലാണ് മയക്ക് മരുന്ന് അങ്കമാലിയിലെത്തിച്ചത്. ഈ സമയം മയക്ക് മരുന്ന് ഏറ്റുവാങ്ങാൻ അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കാത്ത് നിൽക്കുകയായിരുന്നുവത്രെ ക്ലിൻറ് സേവ്യർ. മയക്ക് മരുന്ന് വിപണന മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാത്രെ ക്ലിൻറ്. അന്തർ സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർഥികളെ ഉപയോഗിച്ചാണ് ക്ലിന്റ് മയക്ക് മരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും അതിനാവശ്യമായ പണം മുൻകൂറായി വിദ്യാർഥികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയുമാണ് പതിവ്.ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുടെ മുന്നോടിയായി മയക്ക് മരുന്ന് കടത്തും മറ്റും കണ്ടെത്താൻ പൊലീസ് ഊർജിതമായ അന്വേഷണവും ജാഗ്രതയും ഏർപ്പെടുത്തിയതോടെയാണ് മാഫിയ സംഘം മയക്ക് മരുന്ന് കടത്താൻ ശേഷിയുള്ള വിദ്യാർഥികളെ കണ്ടെത്തി ഇടപാട് നടത്തി വരുന്നതെന്നും പൊലീസ് പറഞ്ഞു. പിടികൂടിയ ഹഷീഷ് ഓയിലിന് പൊതു വിപണിയിൽ കോടികൾ വിലവരും. ആന്ധ്രയിലെ പഡേരുവിൽ നിന്നാണ് കഞ്ചാവ് ഓയിൽ വാങ്ങിയതെന്നും അവിടെ നിന്ന് ട്രെയിൻ മാർഗമാണ് ബംഗളൂരുവിൽ എത്തിച്ചതെന്നും പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ അസ് ലം വെളിപ്പെടുത്തി. ബംഗ്ലൂരുവിൽ നിന്നാണ് കേരളത്തിൽ സർവീസ് നടത്തുന്ന പ്രധാന ടൂറിസ്റ്റ് ബസിൽ കൊണ്ടുവരുകയും ചെയ്തത്. രണ്ടു ബാഗുകളിലായി പ്രത്യേകം പാക്കു ചെയ്ത നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും സംയുക്തമായി രാവിലെ മുതൽ വാഹന പരിശോധന നടത്തി വരുമ്പോഴാണ് പ്രതികൾ വലയിലായത്. അസ് ലമിനെ പൊലീസ് പിടികൂടിയതറിയാതെ ഓയിൽ വാങ്ങാൻ അങ്കമാലി സ്റ്റാൻഡിലെത്തുകയായിരുന്നു ക്ലിൻറ്. പൊലീസ് പിടികൂടുമെന്നായപ്പോൾ ഇയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഇതിന് മുമ്പും പലതവണ ഇത്തരത്തിൽ മയക്കുമരുന്ന് കൊണ്ടു വന്ന് കൈമാറ്റം ചെയ്തിട്ടുള്ളതായും പൊലീസിന് സൂചന ലഭിച്ചു. അതോടെ പ്രതികൾ അടക്കമുള്ളവരുടെ മയക്കുമരുന്ന് മാഫിയ ബന്ധങ്ങളും പൊലീസ് അന്വേഷിച്ച് വരുകയാണെന്നും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു. നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ എ.എസ്.ഐ റെജിമോൻ, സി.പി.ഒ എൻ.എം അഭിലാഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.