വനിത ഒാട്ടോ ഡ്രൈവറെ മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsവൈപ്പിൻ: ഓട്ടം വിളിച്ചുകൊണ്ടുപോയി വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ച് അവശയാക്കി ബീച്ചിൽ തള്ളിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മറ്റ് നാലുപേർക്കുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. കുഴുപ്പിള്ളി ചെറുവൈപ്പ് തച്ചാട്ടുതറ വീട്ടിൽ സജീഷിന്റെ ഭാര്യ പ്രിയങ്ക (30), വെളിയത്താംപറമ്പ് മയ്യാറ്റിൽ വീട്ടിൽ വിഥുൻദേവ് (25) എന്നിവരാണ് അറസ്റ്റിലായത്.
പ്രിയങ്കയുടെ ഭർത്താവ് സജീഷ് ഉൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ക്വട്ടേഷൻ സംഘത്തിലുള്ള മറ്റ് മൂന്നുപേരും ഒളിവിലാണ്. പള്ളത്താംകുളങ്ങര വളവിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവര്‍ തച്ചാട്ടുതറ കൃഷ്ണന്റെ മകള്‍ ജയലക്ഷ്മിയെയാണ് (45) മൂന്നംഗ സംഘം മര്‍ദിച്ച് അവശയാക്കിയത്. പ്രിയങ്കയും ഭർത്താവ് സജീഷും ചേർന്നാണ് വിഥുൻ ദേവിന്റെ സഹായത്തോടെ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്. ഓട്ടോ ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങളും റൂട്ട് മാപ്പും തയാറാക്കി വിഥുൻ ദേവ് ആണ് ആക്രമണം ആസൂത്രണം ചെയ്തത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രിയങ്കയുടെ അയൽവാസിയും ബന്ധുവുമാണ് ഓട്ടോ ഡ്രൈവറായ ജയലക്ഷ്മി. ഇരുവരും തമ്മിൽ അതിർത്തിത്തർക്കം നിലനിന്നിരുന്നു. പ്രിയങ്കക്കും ഭർത്താവിനുമെതിരെ ജയലക്ഷ്മി അപവാദപ്രചാരണം നടത്തിയതായും ആരോപണമുണ്ട്. പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാൻഡിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ജയലക്ഷ്മിയെ ഒരാൾ ഓട്ടം വിളിച്ചത്.
വഴിമധ്യേ മറ്റ് രണ്ടുപേർകൂടി ഓട്ടോയിൽ കയറി രാത്രിയോടെ ചാത്തങ്ങാട് ബീച്ച് ഭാഗത്ത് എത്തിക്കുകയായിരുന്നു. വീണ്ടും ഒാട്ടം പോകാൻ ആവശ്യപ്പെട്ടത് വിസമ്മതിച്ച ജയലക്ഷ്മിയെ കൈയിലുണ്ടായിരുന്ന ആയുധം കൊണ്ട് ശരീരമാസകലം ഇടിക്കുകയായിരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പൊട്ടൽ സംഭവിച്ച് ജയലക്ഷ്മി അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.