ആന്ധ്രയിൽ നിന്ന് ട്രെയിൻ വഴി കഞ്ചാവെത്തിക്കും, ലോഡ്ജിൽ മുറിയെടുത്ത് തകൃതിയായി വിൽപ്പന; മംഗലപുരത്ത് രണ്ടുപേർ പിടിയിൽ
text_fieldsമംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് ലോഡ്ജിൽ വാടകയ്ക്ക് മുറിയെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ രണ്ട് പേരെ മംഗലപുരം പൊലീസും തിരുവനന്തപുരം റൂറൽ ഷാഡോ ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. ഏഴ് കിലോ കഞ്ചാവ് കണ്ടെടുത്തു. വെഞ്ഞാറമൂട് തൈക്കാട്ട് സമന്വയനഗറിൽ മടവിളാകത്ത് വീട്ടിൽ നിതിൻ ( 23), പാലക്കാട് നടുവത്തൂപാറ പെരുങ്ങോട് കുറുശ്ശിയിൽ കുണ്ടുകാട് വീട്ടിൽ രാകേഷ് (30) എന്നിവരാണ് പിടിയിലായത്.
രണ്ട് പ്രതികളും നേരത്തെ ക്രിമിനൽ കേസ്സുകളിലും അനധികൃത മദ്യകച്ചവടത്തിനും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും ട്രെയിൻ മാർഗ്ഗമാണ് ഇവർ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയിലെ മുഖ്യകണ്ണികളാണ് ഇവർ.
ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് വൻ വിലയ്ക്കാണ് ഇവർ കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. വിപണിയിൽ രണ്ടര ലക്ഷം രൂപയിലധികം വിലവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്.
കഴിഞ്ഞയാഴ്ച ജില്ലയിൽ നിന്നുള്ള രണ്ടംഗ സംഘം ഇരുചക്രവാഹനത്തിൽ കടത്തിയ പന്ത്രണ്ട് കിലോ കഞ്ചാവ് തമിഴ്നാട് പൊലീസ് പിടികൂടിയിരുന്നു. ഇപ്പോൾ പിടിയിലായവരിൽ നിന്നും കഞ്ചാവ് കച്ചവടം ചെയ്യുന്ന മറ്റ്സംഘങ്ങളെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുള്ളതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.