കാളികാവിൽ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
text_fieldsകാളികാവ്: എം.ഡി.എം.എ മയക്കുമരുന്ന്, കഞ്ചാവ് പാക്കറ്റുകൾ എന്നിവയുമായി രണ്ടുപേർ കാളികാവ് പൊലീസിെൻറ പിടിയിലായി. വ്യാഴാഴ്ച രാവിലെ 11ന് കാളികാവ് ചാഴിയോട് പാലത്തിനു സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കാളികാവ് പൊലീസ് രണ്ടാം തവണയാണ് എം.ഡി.എം.എ എന്ന മയക്കുമരുന്ന് പിടികൂടുന്നത്.
പെരിന്തൽമണ്ണ വേങ്ങൂർ ഞാവൽപടി സ്വദേശി മാട്ടുമ്മൽതൊടി മുഹമ്മദ് ഫായിസ് (25), വലിയങ്ങാടി ചക്കുങ്ങൽ നൗഫൽ (33) എന്നിവരെയാണ് എം.ഡി.എം.എയും കഞ്ചാവ് പാക്കറ്റുകളുമായി പിടികൂടിയത്. കാളികാവ് സി.ഐ ജോതീന്ദ്രകുമാറിെൻറ നിർദേശ പ്രകാരം പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു. 12 ചെറിയ പാക്കുകളിലായി എം.ഡി.എം.എ എന്ന മയക്കുമരുന്നും ഒമ്പത് പാക്ക് കഞ്ചാവും ഇവരിൽനിന്ന് കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു.
നാല് ഗ്രാമോളം എം.ഡി.എം.എയും ഒമ്പത് പാക്കറ്റ് കഞ്ചാവുമാണ് പിടിച്ചെടുത്തതെന്ന് എസ്.ഐ അജിത് കുമാർ പറഞ്ഞു. ഗ്രാമിന് ഏകദേശം 44,518 രൂപ വിലവരുന്ന അതീവ അപകടകാരിയായ എം.ഡി.എം.എ അന്താരാഷ്ട്രതലത്തിലുള്ള ബന്ധങ്ങളിലൂടെ മാത്രം ലഭിക്കുന്നതാണ്.
ഉത്തേജനത്തിനും ലഹരിക്കുമായാണ് ഇത് ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസം ചോക്കാട്ടുനിന്ന് ഇത്തരം ലഹരിമരുന്ന് കാളികാവ് പൊലീസ് പിടികൂടിയിരുന്നു. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ വിവേക്, അജിത് കുമാർ, എ.എസ്.ഐ ആബിദ്, സി.പി.ഒമാരായ സി.കെ. സജേഷ്, കെ.ടി. ആശിഫലി, ഉജേഷ് ഷാജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ തന്ത്രപരമായി പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.