ഓഹരി വിപണിയുടെ പേരിൽ ലക്ഷങ്ങളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
text_fieldsപന്തളം (പത്തനംതിട്ട): സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മൊബൈൽ ആപ്പിലൂടെ പന്തളം സ്വദേശികളുടെ 14 ലക്ഷം രൂപ തട്ടിയ സംഘത്തിലെ രണ്ടുപേർ പിടിയിലായി. മലപ്പുറം കണ്ണമംഗലം പടപ്പറമ്പ് ചേറൂർ തറമണ്ണിൽ വീട്ടിൽ മുസമ്മിൽ തറമേൽ (36), കോഴിക്കോട് കുരുവട്ടൂർ ചെറുവട്ടപ്പറമ്പിൽ ഒറയനാരി ധനൂപ് (44) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.
പന്തളം തോന്നല്ലൂർ ദീപു സദനത്തിൽ ദീപു ആർ. പിള്ളയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ ഷെയർ മാർക്കറ്റെന്ന് പരിചയപ്പെടുത്തി ഐ.സി.ഐ.സി.ഐ എന്ന ആപ് ഡൗൺലോഡ് ചെയ്യിപ്പിച്ചു. തുടർന്ന്, നിതീഷ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് 4,26,100 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയ കേസിലാണ് മുസമ്മിൽ അറസ്റ്റിലായത്. മലപ്പുറം വേങ്ങര സ്റ്റേഷൻ പരിധിയിലും മുസമ്മിലിന് എതിരെ സാമ്പത്തിക തട്ടിപ്പിന് കേസുണ്ട്.
കുരമ്പാല ഗോപു സദനത്തിൽ കെ.കെ. സന്തോഷിനെ വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ സ്റ്റോക്ക് ബ്രോക്കിങ് എന്ന് വിശ്വസിപ്പിച്ച് ആപ് ഡൗൺലോഡ് ചെയ്ത് പലതവണയായി 10,49,107 രൂപ ഡൽഹി ലക്ഷ്മിനഗറിലെ സായി ട്രേഡേഴ്സ് സ്ഥാപനത്തിന്‍റെഇൻഡസ് ബാങ്ക് ശാഖയിലേക്ക് അയപ്പിച്ച് പണം തട്ടിയ കേസിലാണ് ധനൂപ് അറസ്റ്റിലായത്. പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ്, എസ്.ഐ അനീഷ് എബ്രഹാം, എ.എസ്.ഐ ബി. ഷൈൻ, സി.പി.ഒമാരായ ശരത്ത് പിള്ള, ടി.എസ്. അനീഷ്, എസ്. അൻവർഷ, ആർ. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.