12 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ചക്കുംകടവ് സ്വദേശി ചെന്നലേരി പറമ്പ് വീട്ടിൽ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരി വയൽ നൗഫൽ (44) എന്നിവരാണ് 12 കിലോ കഞ്ചാവുമായി കണ്ണംപറമ്പിൽനിന്ന് പിടിയിലായത്.
നാർക്കോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) സബ് ഇൻസ്പെക്ടർ പി.പി. അനിലിന്റെ നേതൃത്വത്തിൽ ചെമ്മങ്ങാട് പൊലീസും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ പത്തു ലക്ഷത്തോളം വിലവരും.
ഡി.സി.പി ഡോ. എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൻസാഫ് വളരെ കാലമായി ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. അതിനിടക്ക് ഇയാൾ ആന്ധ്രയിൽനിന്ന് വൻതോതിൽ കഞ്ചാവ് കോഴിക്കോടേക്ക് എത്തിക്കുന്നതായി വിവരം ലഭിക്കുകയും ശാസ്ത്രീയമായി നിരീക്ഷിക്കുകയും ചെയ്തു.
എന്നാൽ, പൊലീസിനെ കബളിപ്പിക്കാൻ മൊബൈൽ ഫോണുമായി ട്രെയിനുകൾ മാറിക്കയറിയും ഫോൺ ഓഫ് ആക്കിയും ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും അവസാനം പിടിയിലാവുകയായിരുന്നു. പൊലീസിനെ കണ്ടതോടെ നൗഫൽ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
പ്രതിയായ സലീം കണ്ണംപറമ്പ്, മുഖദാർ, ചക്കുംകടവ്, കോതി തുടങ്ങിയ തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് ചില്ലറയായി കഞ്ചാവ് വിൽപന നടത്തുന്നതായി വിവരം ലഭിച്ചിരുന്നെങ്കിലും ആന്ധ്രയിൽനിന്ന് കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് മണലിൽ കുഴിച്ചിട്ടോ പൊന്തക്കാടുകളിൽ ഒളിപ്പിച്ചോ സൂക്ഷിച്ചിരുന്നതും പൊലീസിനെ കാണുമ്പോൾ പുഴയിൽ ചാടി രക്ഷപ്പെടുകയോ ഊടുവഴികളിലൂടെ കടന്നുകളയുകയോ ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. പിടികൂടിയ കഞ്ചാവ് ആർക്കെല്ലാമാണ് വിതരണം ചെയ്യുന്നതെന്ന് അന്വേഷിച്ചുവരുകയാണെന്ന് ചെമ്മങ്ങാട് ഇൻസ്പെക്ടർ പി. രാജേഷ് പറഞ്ഞു.
പിടിയിലായ സലീമിനെതിരെ മൂന്ന് ലഹരി കേസുകളും എട്ട് മാല പിടിച്ചുപറി കേസുകളും മോഷണക്കേസുകളും അടിപിടി കേസുകളുമുണ്ട്. അടുത്തിടെയാണ് ഇയാൾ ജയിലിൽനിന്നിറങ്ങിയത്.
ഡാൻസാഫ് അസി. സബ് ഇൻസ്‌പെക്ടർമാരായ മനോജ് എടയേടത്, അബ്ദുറഹിമാൻ, എസ്.സി.പി.ഒ കെ. അഖിലേഷ്, അനീഷ് മൂസാൻവീട്, സി.പി.ഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത് ചെമ്മങ്ങാട് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അനിൽ കുമാർ, എസ്.സി.പി.ഒ എം.എസ്. സാജൻ, സജിൽ കുമാർ, സി.പി.ഒ ജിതേഷ്, വിമൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.