മനുഷ്യക്കടത്ത്: ജോബിനും പൃഥ്വിരാജും ആളുകളെ പറ്റിച്ചത് വ്യാജവിസ നൽകി
text_fieldsനെടുമ്പാശ്ശേരി: മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ ആലക്കോട് കുന്നേൽവീട്ടില്‍ ജോബിൻ മൈക്കിൾ (35), പാലക്കാട് കിനാവല്ലൂർ മടമ്പത്ത് ഭവനത്തിൽ പൃഥ്വിരാജ് കുമാർ (47) എന്നിവർ ആളുകളെ പറ്റിച്ചത് വ്യാജവിസ നൽകിയാണെന്ന് ക്രൈംബ്രാഞ്ച്. വ്യാജ വിസ നൽകി സ്പെയിനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും സംഘം മനുഷ്യക്കടത്ത് നടത്തുകയായിരുന്നു.
പ്രതികൾ നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂർ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിൻ ബാബു എന്നിവരെ സ്പെയിൻ അധികൃതർ തടഞ്ഞുവെച്ച് ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഇതേതുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ ഇമിഗ്രേഷൻ അധികൃതർ നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
പിന്നീട് അന്വേഷണം ഏറ്റെടുത്ത എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ആണ് മനുഷ്യക്കടത്തിലെ ഏജൻറുമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർ ആറ് ലക്ഷത്തോളം രൂപ സംഘത്തിന് നൽകിയാണ് ഷെങ്കൻ വിസ സംഘടിപ്പിച്ചത്. വിസ വ്യാജമായിരുന്നു. മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് യൂറോപ്പിൽ വർക്ക് വിസ ലഭിക്കാൻ പ്രയാസമാണ്. ഇത്തരക്കാർക്ക് വ്യാജവിസ സംഘടിപ്പിച്ചു നൽകി കയറ്റി വിടുകയാണ് സംഘം ചെയ്യുന്നത്.
ജോബിൻ മൈക്കിളിനെ കാസർകോട് നിന്നും പൃഥ്വിരാജിനെ പാലക്കാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി ആർ. രാജീവ്, എസ്.ഐ ടി.എം. സൂഫി, എ.എസ്.ഐമാരായ ജോർജ് ആന്‍റെണി, എ.എ. രവിക്കുട്ടൻ, ടി.കെ. വർഗീസ്, ടി.എ. ജലീൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. വ്യാജ വിസകള്‍ നൽകുന്ന ഏജൻറുമാർക്കെതിരെ ജനം ജാഗ്രത പാലിക്കണമെന്നും ചതിയില്‍പെടരുതെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.