നടുറോഡിൽ രണ്ടുപേർ കത്തിയമരുമ്പോൾ നിസ്സഹായരായി ജനം; കൂട്ടിയിടിച്ച ഉടൻ ഓട്ടോയിലെ സി.എൻ.ജി സിലിണ്ടറിന് തീപ്പിടിച്ചു
text_fieldsകൂത്തുപറമ്പ് (കണ്ണൂർ): നടുറോഡിൽ രണ്ടുപേർ കത്തിയമരുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനേ ചുറ്റുംകൂടിയവർക്ക് കഴിഞ്ഞുള്ളൂ... പ്രകൃതിവാതകത്തിൽ (സി.എൻ.ജി) ഓടുന്ന ഓട്ടോറിക്ഷയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ശക്തമായി തീ ആളിപ്പടരുമ്പോൾ അടുത്തേക്ക് പോകാൻ പോലും ആർക്കും കഴിഞ്ഞില്ല. ഓട്ടോയിലുണ്ടായിരുന്ന പാറാട് സ്വദേശികളും അയൽവാസികളുമായ ഓട്ടോഡ്രൈവർ കണ്ണങ്കോട് പിലാവുള്ളതിൽ അഭിലാഷ് (36), സുഹൃത്ത് പിലാവുള്ളതിൽ സജീഷ് (30) എന്നിവരാണ് അപകടത്തിൽ ദാരുണമായി വെന്തുമരിച്ചത്.
തലശ്ശേരി -മൈസൂരു റോഡിൽ കതിരൂരിനടുത്ത് ആറാം മൈൽ മൈതാനപ്പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 8.30നായിരുന്നു അപകടം. തലശ്ശേരിയിൽനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഉടൻ ഓട്ടോയുടെ ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയായിരുന്നു. ആറുമാസം മുമ്പാണ് അഭിലാഷ് സി.എൻ.ജി ഓട്ടോ വാങ്ങിയത്. വാഹനം പൂർണമായി കത്തിനശിച്ചു. അഭിലാഷിന്റെ ആറാം മൈലിലെ സഹോദരിയുടെ വീട്ടിൽ പോകുന്നതിനിടയിലാണ് അപകടം.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് സ്ഥലത്ത് വാഹനഗതാഗതം തടസ്സപ്പെട്ടു. കതിരൂർ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡും സ്ഥലത്തെത്തി.
പാറാട്ടെ പഴയകാല മത്സ്യ കച്ചവടക്കാരൻ പരേതനായ കണ്ണന്റെയും പൊക്കിയുടെയും മകനാണ് അഭിലാഷ്. ഭാര്യ: ജാൻസി. മക്കൾ: ഇഷാൻ, നൈമിക, നയോമിൻ. സഹോദരങ്ങൾ: അനീഷ്, പ്രസന്ന, ശോഭ.
പരേതനായ കുമാരന്റെയും ജാനുവിന്റെയും മകനാണ് സജീഷ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഷൈമ, ശബ്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.