ഒരു വാർഡിൽ ലീഗിന് രണ്ട് സ്ഥാനാർഥികൾ; സൗഹൃദ മത്സരത്തിന് അനുമതി നൽകി നേതൃത്വം, ആർക്ക് വോട്ട് ചെയ്യണമെന്ന് അണികൾ
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ പലയിടത്തും വിമതരാണ് പാർട്ടി സ്ഥാനാർഥികൾക്ക് തലവേദനയാകുന്നത്. വിമതരെ എങ്ങനെ ഒഴിവാക്കുമെന്ന് തലപുകയുന്നതിനിടെ പെരിന്തൽമണ്ണയിൽ അത്യപൂർവ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് മുസ്ലിം ലീഗ്. ഒരു വാർഡിൽ രണ്ട് സ്ഥാനാർഥികൾക്ക് മത്സരിക്കാനാണ് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്.
പെരിന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് രണ്ട് മുസ്ലിം ലീഗുകാര്‍ യു.ഡി.എഫ് സ്ഥാനാർഥിയായി ഒരേ സമയം മത്സരിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇരുവർക്കും മത്സരിക്കാൻ അനുമതി നല്‍കുകയും ചെയ്തു. ജയിച്ച് വരുന്നയാളെ യു.ഡി.എഫ് അംഗമാക്കുമെന്നാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് അഞ്ചില്‍ മുസ്ലിം ലീഗിന്‍റെ പ്രതിനിധികളായി നോമിനേഷന്‍ നല്‍കിയ പച്ചീരി ഹുസൈന, പട്ടാണി സറീന എന്നിവർക്കാണ് മത്സരിക്കുന്നതിന് അനുവാദം നല്‍കിയത്. ഇതുസംബന്ധിച്ച് ലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിക്ക് കത്തെഴുതി.
ലീഗ് ശാഖാ കമ്മിറ്റി ആദ്യം സ്ഥാനാർഥിയായി തീരുമാനിച്ചത് പച്ചീരി ഹുസൈന നാസറിനെയായിരുന്നു. ഇത് അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത മുനിസിപ്പല്‍ ലീഗ് കമ്മിറ്റി സറീന പട്ടാണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. രണ്ട് പേര്‍ക്കും നോമിനേഷനൊപ്പം നല്‍കാനുള്ള പണം സാദിഖലി തങ്ങള്‍ നല്‍കുകയും ചെയ്തു. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ കോണി ആര്‍ക്കും കൊടുത്തിട്ടില്ല. പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗിനകത്തെ ഗ്രൂപ്പ് സമവാക്യങ്ങളാണ് കേട്ടുകേള്‍വിയില്ലാത്ത തീരുമാനമെടുക്കുന്നതിന് കാരണം.
അണികൾ ആർക്ക് വോട്ട് ചെയ്യുമെന്നും നേതൃത്വം ആർക്ക് വോട്ട് തേടുമെന്നുമുള്ള ചോദ്യത്തിന് സൗഹൃദമത്സരം നടക്കട്ടേയെന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.